ന്യൂഡല്‍ഹി: രണ്ട് ലക്ഷത്തിലധികം ജനങ്ങള്‍ രോഗബാധിതരായതായി അറിയുമ്ബോഴും കൊറോണ വൈറസിന്റെ വലിയ രോഗബാധ ഇനി വരാനിരിക്കുന്നതേയുള്ളൂ എന്ന സൂചന നല്‍കുകയാണ് സര്‍ക്കാര്‍. വെറും മൂന്ന് മാസം കൊണ്ടാണ് ഇത്രവലിയ നിലയില്‍ രോഗബാധ രാജ്യത്തുണ്ടായത്. ‘രോഗം ഗുരുതരമാകുന്ന സ്ഥിതിയില്‍ നിന്ന് വളരെയകലെയാണ് നമ്മള്‍. സമൂഹവ്യാപനത്തിനെ കുറിച്ച്‌ ആശങ്കപ്പെടാതെ രോഗം എത്രകണ്ട് ബാധിച്ചു എന്ന് നാം അറിയണം. ഐസിഎംആറിലെ ശാസ്ത്രജ്ഞ നിവേദിത ഗുപ്ത പറയുന്നു. ഐസിഎംആര്‍ 34000 പേരില്‍ നിന്ന് ശരീര സ്രവങ്ങള്‍ ശേഖരിച്ച്‌ പരിശോധന നടത്തി. ഇതിന്റെ ഫലം അറിയാനായി കാത്തിരിക്കുകയാണ്.

ജോണ്‍ ഹോപ്കിന്‍സ് സര്‍വ്വകലാശാല ട്രാക്കര്‍ അനുസരിച്ച്‌ ഇന്ത്യ വൈറസ് ബാധയില്‍ ഏഴാം സ്ഥാനമാണ്. സമാന രീതിയില്‍ ജനസംഖ്യയുള്ള രാജ്യങ്ങളിലെ പുതിയ കേസുകളുടെ എണ്ണം ഇന്ത്യയിലെക്കാള്‍ 22.5% കൂടുതലാണ്. മരണസംഖ്യയോ 55.2% കൂടുതലും. കേസുകളെ കുറിച്ച്‌ കൂടുതല്‍ പഠിക്കുകയും കണ്ടെയ്ന്‍മെന്റ് സോണുകളെ കൂടുതല്‍ അറിയാനുമാണ് ആരോഗ്യ വകുപ്പ് ശ്രമിക്കുന്നത്.

അതേസമയം കൊവിഡ് രോഗികളെ ചികിത്സിക്കാന്‍ റെംഡെസിവര്‍ മരുന്ന് ഫലപ്രദമാണെന്നും അതിന് അനുമതി നല്‍കിയെന്നും ഇന്ത്യന്‍ ഡ്രഗ് കണ്‍ട്രോള്‍ ജനറല്‍ വി.ജി. സോമാനി അറിയിച്ചു.