മുംബൈ: ഇന്ത്യയില്‍ കോവിഡ് കേസുകള്‍ ഒന്നര ലക്ഷത്തിലേക്ക് അടുക്കുന്നു. മഹാരാഷ്ട്രയില്‍ കോവിഡ് സാഹചര്യം സങ്കീര്‍ണമാകുകയാണ്. ഗുജറാത്തിലും സ്ഥിതി ഗുരുതരമാണ്. കൊവിഡ് നിയന്ത്രണ വിധേയമായിരുന്ന ഹരിയാനയില്‍ 94 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഡല്‍ഹി വിമാനത്താവളത്തില്‍ ജോലി ചെയ്യുന്ന എയര്‍ ഇന്ത്യയുടെ സുരക്ഷാ ജീവനക്കാരന് രോഗം സ്ഥിരീകരിച്ചു.

പുതിയ രോഗികളില്‍ 35 ശതമാനവും മഹാരാഷ്ട്രയില്‍ നിന്നാണ്. മുംബൈ, അഹമ്മദാബാദ്, ചെന്നൈ, ഡല്‍ഹി തുടങ്ങി ആറ് നഗരങ്ങളില്‍ നിന്നാണ് 56.3 ശതമാനം കേസുകളും റിപ്പോര്‍ട്ട് ചെയ്യുന്നത്. രാജ്യാന്തര കണക്കുകളുമായി താരതമ്യം ചെയ്യുമ്ബോള്‍ ഇന്ത്യയില്‍ കൊവിഡ് രൂക്ഷമല്ലെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ വിശദീകരണം.

ഈ മാസം പത്തൊന്‍പതിനാണ് കൊവിഡ് കേസുകളുടെ എണ്ണം ഒരു ലക്ഷം കടന്നത്. ആദ്യ കേസ് റിപ്പോര്‍ട്ട് ചെയ്ത് 110ആം ദിവസമായിരുന്നു അന്ന്. ദിനം പ്രതി ശരാശരി അഞ്ച് ശതമാനം പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ജനസംഖ്യ അടിസ്ഥാനത്തില്‍ പരിശോധിക്കുമ്ബോള്‍ ലക്ഷത്തില്‍ 10.7 പേര്‍ക്ക് മാത്രമാണ് രോഗം സ്ഥിരീകരിക്കുന്നത്. ലക്ഷത്തില്‍ 69.9 ആണ് ആഗോളനിരക്ക്. മരണനിരക്ക് 2.87 ശതമാനം മാത്രമാണെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.

തമിഴ്‌നാട്ടില്‍ റിപ്പോര്‍ട്ട് ചെയ്ത 17,728 കൊവിഡ് കേസുകളില്‍ 11,634ഉം ചെന്നൈയിലാണ്. ഗുജറാത്തില്‍ 361 പുതിയ കേസുകളും 27 മരണവും റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ആകെ പോസിറ്റീവ് കേസുകള്‍ 14831ഉം മരണം 915ഉം ആയി. ഡല്‍ഹിയില്‍ 412 പുതിയ കേസുകളും 12 മരണവും റിപ്പോര്‍ട്ട് ചെയ്തതോടെ ആകെ പോസിറ്റീവ് കേസുകള്‍ 14,465ഉം മരണം 288ഉം ആയി ഉയര്‍ന്നു.