ന്യൂഡല്‍ഹി : ഇന്ത്യയില്‍ നിന്നും കോടികളുടെ വായ്പ്പാ തട്ടിപ്പ് നടത്തി വിദേശത്തേക്ക് മുങ്ങിയ കിംഗ് ഫിഷര്‍ ഉടമ വിജയ് മല്യ ബ്രിട്ടണിലെ സുപ്രീം കോടതിയില്‍ അപ്പീല്‍ സമര്‍പ്പിക്കുന്നതിനുള്ള അനുവാദം ആവശ്യപ്പെട്ട് അപേക്ഷ നല്കി. നേരത്തെ ഇന്ത്യയിലേക്ക് അയക്കരുതെന്ന മല്യയുടെ അപേക്ഷ ലണ്ടനിലെ ഹെെക്കോടതി തള്ളിയിരുന്നു. ഈ സാഹചര്യത്തിലാണ് സുപ്രീം കോടതിയെ സമീപിച്ചത്.
അടുത്ത 14 ദിവസത്തിനുള്ളില്‍ അപേക്ഷയില്‍ നടപടി ഉണ്ടാകുമെന്നാണ് സൂചന. കിംഗ് ഫിഷര്‍ എയര്‍ലൈനുമായി ബന്ധപ്പെട്ട കേസില്‍ ഇന്ത്യയിലേക്ക് നാടുകടത്തരുത് എന്ന് ആവശ്യപ്പെട്ടുള്ള അപ്പീല്‍ നല്‍കുന്നതിനുളള അനുവാദത്തിനായാണ് ബ്രിട്ടണിലെ സുപ്രീം കോടതിയില്‍ മല്യ അപേക്ഷ നല്‍കിയത്. വിവാദ വ്യവസായിയായ മല്യ വ്യാവസായിക ആവശ്യങ്ങള്‍ക്കായി 9,000 കോടി രൂപയാണ് വിവിധ ബാങ്കുകളില്‍ നിന്നായി വായ്പ്പയെടുത്തത്. വായ്പകള്‍ തിരിച്ചടക്കാത്തതിനെ തുടര്‍ന്ന് നിയമ നടപടികള്‍ ആരംഭിച്ചതോടെ മല്യ വിദേശത്തേക്ക് കടന്നു. 2016 ലാണ് മല്യ ബ്രിട്ടണില്‍ എത്തിയത്.