ന്യൂഡല്‍ഹി: ഇന്ത്യയില്‍ കുടുങ്ങിയ പാകിസ്ഥാന്‍ പൗരന്‍മാര്‍ക്ക് തിരിച്ചുപോകാന്‍ അനുമതി നല്‍കി കേന്ദ്രസര്‍ക്കാര്‍. പത്തോളം സംസ്ഥാനങ്ങളിലായി 190 പാക് പൗരന്‍മാരാണ് കുടുങ്ങിക്കിടക്കുന്നത്. അഞ്ചിന് ഇവര്‍ക്ക് അട്ടാരി വാഗാ അതിര്‍ത്തിയിലൂടെ സ്വന്തം രാജ്യത്തേക്ക് മടങ്ങി പോകാമെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി. ഇമിഗ്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം ഇവര്‍ക്ക് മടങ്ങിപ്പോകാനാകും.

മഹാരാഷ്ട്രാ, പശ്ചിമ ബംഗാള്‍, മധ്യപ്രദേശ്, ഗുജറാത്ത്, രാജസ്ഥാന്‍, ഛത്തീസ്ഗഡ്, ഉത്തര്‍പ്രദേശ്, ഹരിയാന, പഞ്ചാബ്, ഡല്‍ഹി എന്നീ സംസ്ഥാനങ്ങളില്‍ കുടുങ്ങിയവരാണ് ചൊവ്വാഴ്ച തിരിച്ചുപോകുന്നത്. 193 പേരാണ് സംഘത്തിലുള്ളത്. യാത്രാ സംഘത്തില്‍ ഉള്ളവരെ അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ പ്രകാരം കോവിഡ് പരിശോധന നടത്തിയ ശേഷമാകും അതിര്‍ത്തി കടത്തിവിടുക.