തിരുവനന്തപുരം: ഇതര സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്ക് ഇതുവരെ എത്തിയവരില്‍ 105 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. വിമാനം വഴി വന്നവരില്‍ 53 പേര്‍ക്കും കപ്പലില്‍ എത്തിയ ആറ് പേര്‍ക്കും റോഡ് വഴി വന്നവരില്‍ 46 പേര്‍ക്കുമാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.

വിദേശത്ത് നിന്നും അടക്കം നാട്ടിലെത്തുന്ന എല്ലാവരുടേയും വിവരങ്ങള്‍ പൊലിസും ആരോഗ്യവകുപ്പും തദ്ദേശസ്വയംഭരണസ്ഥാപനങ്ങളും സൂക്ഷിക്കണം. വാഹനങ്ങളില്‍ ആളുകളെ കുത്തിനിറച്ചുള്ള യാത്രകള്‍ ആരംഭിച്ചിട്ടുണ്ട്. ഇതു ആര്‍ക്കും ഗുണം ചെയ്യില്ല. ലോക്ക് ഡൗണിലെ ഇളവ് മൂലം പൊതുവില്‍ ചലനാത്മകതയുണ്ടായത് നല്ലതാണ്. പക്ഷേ ഇതൊന്നും കൈവിട്ടു പോകാന്‍ പാടില്ല. ഇക്കാര്യത്തില്‍ തദ്ദേശസ്വയംഭരണസ്ഥാപനങ്ങളും ആരോഗ്യവകുപ്പും കാര്യക്ഷമമായി ഇടപെടണം. ഇക്കാര്യത്തില്‍ എല്ലാവരുടേയും സഹകരണം വേണം.

ചെക്ക് പോസ്റ്റുകളിലും ആശുപത്രികളിലും പിപിഇ കിറ്റും മാസ്‌കും ആവശ്യാനുസരണം വിതരണം ചെയ്യും. മരുന്നുക്ഷാമം പരിഹരിക്കാന്‍ ഇടപെടും. റോഡരികില്‍ തട്ടുകടകള്‍ തുടങ്ങിയിട്ടുണ്ട്. അവയില്‍ ചിലയിടത്ത് ആളുകള്‍ നിന്ന് ഭക്ഷണം കഴിക്കുന്നതായി അറിഞ്ഞു. ഇതു അം?ഗീകരിക്കാനാവില്ല. പാഴ്‌സല്‍ സൗകര്യം മാത്രമേ ഭക്ഷണശാലകള്‍ക്ക് അനുവദിച്ചിട്ടുള്ളൂ. മുഖ്യമന്ത്രി വ്യക്തമാക്കി.