തിരുവനന്തപുരം: ലോക്ക്ഡൗണ്‍ മൂലം ഇതര സംസ്ഥാനങ്ങളില്‍ കുടുങ്ങിയ 30,000 പേര്‍ക്ക് തിരിച്ച് നാട്ടിലേക്ക് മടങ്ങാന്‍ അനുമതി ലഭിച്ചതായി ചീഫ് സെക്രട്ടറി ടോം ജോസ്. ഇതര സംസ്ഥാനങ്ങളില്‍ കുടുങ്ങിയ മലയാളികള്‍ കേരളത്തിലേക്ക് എത്തിത്തുടങ്ങിയതായും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. നാഗര്‍കോവില്‍ നിന്നും പുറപ്പെട്ട ആദ്യ സംഘം കളയിക്കാവിളയിലെ ഇഞ്ചിവിള ചെക്ക്പോസ്റ്റിലാണ് എത്തിയത്. ഇത്തരത്തില്‍ നാട്ടിലെത്തുന്നവര്‍ 14 ദിവസം വീടുകളില്‍ ക്വാറന്റൈന് പാലിക്കണം. തിരുവനന്തപുരത്ത് കളയിക്കാവിളയിലെ ഇഞ്ചിവിള, കൊല്ലം – ആര്യങ്കാവ്, ഇടുക്കി – കുമളി, പാലക്കാട് – വാളയാര്‍, വയനാട് – മുത്തങ്ങ, കാസര്‍ഗോഡ് – മഞ്ചേശ്വരം തുടങ്ങി ആറ് പ്രധാന പ്രവേശന കവാടങ്ങളിലൂടെയാണ് ഇവരെ എത്തിക്കുക. മറ്റ് സംസ്ഥാനങ്ങളില്‍ കുടുങ്ങിയവര്‍ക്ക് ഞായറാഴ്ച വൈകുന്നേരം മുതലാണ് വൈകുന്നേരം മുതല്‍ ഇലക്ട്രോണിക് പാസ് അനുവദിച്ച് തുടങ്ങിയത്. ഈ പാസുകളില്‍ തന്നെ വരേണ്ട സമയവും എവിടെയാണ് എത്തേണ്ടതെന്നുമുള്ള വിവരങ്ങള്‍ നല്‍കിയിട്ടുണ്ടെന്നും ചിഫ് സെക്രട്ടറി പറഞ്ഞു.