തിരുവനന്തപുരം: ബവ്ക്യൂ ആപ്പ് ഇതേ രീതിയില്‍ തുടര്‍ന്നാല്‍ ഔട്ട്‌ലെറ്റുകള്‍ പൂട്ടേണ്ടി വരുമെന്ന് ബീവറേജസ് കോര്‍പ്പറേഷന്‍. കഴിഞ്ഞ ദിവസത്തെ രണ്ടര ലക്ഷം ടോക്കണുകളില്‍ ഔട്ട്ലെറ്റിന് കിട്ടിയത് 49,000 മാത്രമാണ്. ബവ്കോ ഔട്ട് ലെറ്റുകളിലെ മദ്യവില്‍പന കുത്തനെ കുറഞ്ഞതിനാല്‍ കോര്‍പറേഷന്‍ വന്‍ നഷ്ടത്തിലാണ്.
മാര്‍ച്ച് 28ന് ഇരുപത്തിരണ്ടര കോടിയുടെ മദ്യം വിറ്റ കോര്‍പറേഷന്‍ ഇന്നലെ വിറ്റത് 17 കോടിയുടെ മദ്യം മാത്രമാണ്. ഇന്ന് അവധി ദിവസമായതിനാല്‍ ഇന്നലെ റെക്കോഡ് മദ്യ വില്‍പന നടക്കേണ്ടതായിരുന്നു. ഇതോടെയാണ് ആപ്പിനെതിരെ കോര്‍പറേഷന്‍ രംഗത്തെത്തിയത്. ആപ്പില്‍ വില്‍ക്കുന്ന ടോക്കണ്‍ കൂടുതലും എത്തുന്നത് ബാറിലേക്കാണ്. കഴിഞ്ഞ ദിവസം കോട്ടയം ജില്ലയിലെ കുമരകത്ത് പതിനൊന്നു മണി വരെ എത്തിയത് രണ്ടു ടോക്കണ്‍ മാത്രമായിരുന്നു.എന്നാല്‍ സമീപത്തുള്ള ബാറുകളില്‍ മദ്യത്തിനു നീണ്ട നിരയും ഉണ്ടായിരുന്നു. ഇതോടെ ഔട്ട് ലെറ്റ് മാനേജര്‍മാര്‍ തന്നെ പരാതിയുമായി കോര്‍പറേഷനിലെ ഉന്നത ഉദ്യോഗസ്ഥരെ സമീപിച്ചു. ഇന്നലെ പോയ ആകെ ടോക്കണുകളില്‍ കോര്‍പറേഷനു കിട്ടിയത് വെറും നാല്‍പത്തിയൊമ്പതിനായിരം ടോക്കണ്‍ മാത്രമാണ്.