വാഷിങ്ടണ്‍ : ലോകത്ത് കൊവിഡ് വ്യാപനത്തിന്റെ നിരക്ക് ആശങ്ക ഉയര്‍ത്തി വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. ലോകമാകെ 55 ലക്ഷത്തിത്തിന് മുകളില്‍ ആളുകള്‍ക്ക് കോവിഡ് ബാധ സ്ഥിരീകരിച്ചുകഴിഞ്ഞു. മൂന്ന് ലക്ഷത്തി നാല്‍പത്തി എഴായിരത്തി അഞ്ഞൂറാണ് ഇതുവരെ ബാധയെ തുടര്‍ന്ന് മരിച്ചത്. ഇതില്‍‌ രണ്ട് ലക്ഷത്തി മുപ്പത്തി ആറായിരത്തിലേറെ പേര്‍ രോഗമുക്തരായി.

രോഗബാധ ഏറ്റവുമധികം റിപ്പോര്‍ട്ട് ചെയ്ത രാജ്യം അമേരിക്കയാണ്. നിലവില്‍ പത്തൊന്‍പതിനായിരത്തിലേറെ പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. 99,805 പേരാണ് ഇതുവരെ അമേരിക്കയില്‍ മരിച്ചത്.

കോവിഡ് മരണങ്ങള്‍ ഒരുലക്ഷത്തോളം അടുക്കുമ്ബോഴും അമേരിക്കയില്‍ കൂട്ടത്തോടെ ആളുകള്‍ പുറത്തിറങ്ങുകയാണ്. അമേരിക്കയുടെ ഫെഡറല്‍ ഹോളിഡേ ആയ മെമ്മോറിയല്‍ ഡേ ആഘോഷിക്കാന്‍ ഫ്ലോറിഡ, ജ്യോര്‍ജിയ, മിസ്സൌരി എന്നിവിടങ്ങളിലെ ബീച്ചുകളിലും റസ്റ്റോറന്റുകളിലും നിരവധി പേര്‍ തടിച്ചുകൂടി. സാമൂഹിക അകലമോ സുരക്ഷാ മുന്‍കരുതലുകളോ ആരും പാലിച്ചില്ല. അതിനിടെ കോവിഡ് രോഗികള്‍ക്ക് നല്‍കുന്ന ഹൈഡ്രോക്സി ക്ലോറോക്വിന്‍ വിലക്കിക്കൊണ്ട് ലോകാരോഗ്യ സംഘടന രംഗത്തെത്തി. മലേറിയക്ക് നല്‍കുന്ന മരുന്നു കൂടിയായ ഇത് താത്ക്കാലികമായാണ് വിലക്കിയത്. രോഗികളുടെ ആരോഗ്യത്തെ ബാധിക്കാനിടയുണ്ടെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം.

അമേരിക്കക്ക് പുറമെ റഷ്യ, ബ്രസീല്‍‌ എന്നീ രാജ്യങ്ങളാണ് ഏറ്റവും കൂടുതല്‍ കോവിഡ് റിപ്പോര്‍ട്ട് ചെയ്യുന്നത്. .