തിരുവനന്തപുരം: കോട്ടൂര്‍ ആനക്കോട്ടയിലെ കുട്ടിയാനയുടെ മരണകാരണം ഹെര്‍പിസ് വൈറസ് ബാധ എന്ന് കണ്ടെത്തല്‍. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമായത്. ആന്തരികാവയവങ്ങളെ ബാധിക്കുന്ന ഈ അപൂര്‍വ്വ വൈറസാണ് കോട്ടൂരിലെ കുട്ടിയാനയെ ബാധിച്ചത്. 10 വയസിന് താഴെയുളള ആനകള്‍ക്ക് ഈ വൈറസ് ബാധിച്ചാല്‍ 48 മണിക്കൂറിനുള്ളില്‍ മരണം സംഭവിക്കും. മാത്രമല്ല മറ്റു ആനകുട്ടികളില്‍ ഈ ഹെര്‍പിസ് വൈറസ് വ്യാപിക്കുകയാണ്. ഗുരുതര സാഹചര്യം കണക്കിലെടുത്ത് ആനകുട്ടികളെ പ്രത്യേകം കൂടുകളിലേക്ക് മാറ്റിയിട്ടുണ്ട് എന്ന് അധികൃതര്‍ അറിയിച്ചു.

നാല് ദിവസം മുന്‍പാണ് കോട്ടൂര്‍ ആനക്കോട്ടയിലെ ശ്രീക്കുട്ടിയെന്ന കുട്ടിയാന ചെരിഞ്ഞത്. അധികൃതര്‍ നടത്തിയ വിദഗ്ദ്ധ പരിശോധനയില്‍ കോട്ടൂരിലെ കണ്ണന്‍ എന്ന ആനക്കുട്ടിക്കും ഇതേ രോഗലക്ഷണങ്ങള്‍ കണ്ടെത്തിയിട്ടുണ്ടായിരുന്നു. മുന്‍കരുതലിന്‍്റെ ഭാഗമായി ആനക്കോട്ടയിലെ പത്ത് വയസിന് താഴെയുള്ള എല്ലാ കുട്ടിയാനക്കള്‍ക്കും ചികിത്സ തുടങ്ങിയതായി ഡിഎഫ്‌ഒ അനില്‍ കുമാര്‍ വ്യക്തമാക്കി.