ഐസ്ക്രീമില് എലിവിഷം കലര്‍ത്തി നല്കി സഹോദരിയെ കൊന്ന കേസില്‍ പ്രതി ആല്‍ബിനെ ഇന്ന് തെളിവെടുപ്പിനായി വീട്ടിലെത്തിക്കുമെന്ന് സൂചന. തുടര്‍ന്ന് വൈദ്യ പരിശോധനക്കും, കൊവിഡ് പരിശോധനക്കും ശേഷം കോടതിയില്‍ ഹാജരാക്കും. കാഞ്ഞങ്ങാട് മജിസ്ട്രേറ്റ് അവധിയായതിനാല്‍ കാസര്‍കോട് കോടതിയില്‍ ഹാജരാക്കാനാണ് സാധ്യത. ഇന്നലെ വൈകിട്ടാണ് ആല്‍ബിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്.
ഐസ്ക്രീമില് വിഷം കലര്‍ത്തി നല്കി വീട്ടിലുള്ളവരെയെല്ലാം കൊലപ്പെടുത്താന്‍ ആല്ബിന് പദ്ധതിയിട്ടെന്നാണ് പൊലീസ് കണ്ടെത്തല്‍. എലിവിഷം ശരീരത്തിലെത്തിയതിനെ തുടര്‍ന്ന് അവശ നിലയിലായ ആല്‍ബിന്റെ അച്ഛന് ബെന്നി അപകട നില തരണം ചെയ്തെന്നാണ് വിവരം.
ഈ മാസം അഞ്ചിനാണ് ഛര്ദ്ദിയെത്തുടര്ന്ന് ചെറുപുഴയിലെ സ്വകാര്യ ആശുപത്രയില്‍ ചികിത്സയിലായിരുന്ന ആനി ബെന്നി മരിച്ചത്. പിറ്റേന്ന് തന്നെ ആനിയുടെ അച്ഛന് ബെന്നിയും അമ്മ ബെന്‍സിയേയും ഛര്ദ്ദിയെത്തുടര്ന്ന് ആശുപത്രിയില്‍ ചികിത്സതേടി.
ഭക്ഷ്യവിഷബാധയെന്നായിരുന്നു പ്രാഥമിക നിഗമനം. എന്നാല്‍ ആനിയുടെ പോസ്റ്റ്മോര്‍ട്ടത്തില്‍ ശരീരത്തില്‍ എലിവിഷത്തിന്റെ അംശം കണ്ടെത്തിയത് വഴിത്തിരിവായി. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് സഹോദരന് നടത്തിയ കൊലപാതകമെന്ന് തെളിഞ്ഞത്.