കോഴിക്കോട്: സംസ്ഥാനത്തെ കൊറോണ രോഗികളുടെ എണ്ണം ദിനം പ്രതി നൂറു കടന്നു തുടങ്ങിയത് സമൂഹവ്യാപനം അടക്കമുള്ള സാധ്യതകളിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ അടുത്ത ദിവസം മുതല്‍ ഏതാണ്ട് പൂര്‍ണമായും പിന്‍വലിക്കുന്നതോടെ സ്ഥിതിഗതികള്‍ അപകടാവസ്ഥയിലേക്ക് നീങ്ങുമെന്നാണ് സൂചന.

ആറു ദിവസം കൊണ്ട് സംസ്ഥാനത്ത അഞ്ഞൂറിലധികം പേര്‍ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിക്കുകയും 44 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെ രോഗം ഉണ്ടാവുകയും ചെയ്തു എന്നത് സ്ഥിതിഗതികള്‍ ഏറെ ഗൗരവകരമാണെന്നതിന്‍റെ സൂചനകളാണ്. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ഗര്‍ഭിണിക്കും ചികില്‍സക്കായി എത്തിയ അ‌ഞ്ചുവയസുകാരിക്കും ഉള്‍പ്പടെ ഇതുവരെ പത്തോളം പേര്‍ക്ക് രോഗബാധ ഉണ്ടായത് എങ്ങനെയാണെന്ന് കണ്ടെത്തിയിട്ടില്ല.ഏറെ ഭയപ്പെട്ടിരുന്ന നിശബ്ദവ്യാപനത്തിന്‍റെ സാധ്യതകളിലേക്കാണ് ഇത് വിരല്‍ ചൂണ്ടുന്നത്.

പ്രൈമറി കോണ്ടാക്ടിലൂടെ അടക്കം ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് രോഗം വ്യാപിക്കുന്നത് തുടര്‍ന്നാല്‍ കടുത്ത പ്രതിസന്ധി ആവും ആശുപത്രികള്‍ നേരിടേണ്ടി വരിക. മറ്റ് രാജ്യങ്ങളില്‍ നിന്നും സംസ്ഥാനങ്ങളില്‍ നിന്നും ആളുകള്‍ എത്തുന്നതിനൊപ്പം മഴക്കാല രോഗങ്ങള്‍ കൂടി പടര്‍ന്നാല്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ദുഷ്കരമാകും. പുറത്തിറങ്ങരുതെന്ന കര്‍ശന നിര്‍ദേശം ലംഘിച്ച്‌ കൈക്കുഞ്ഞുങ്ങളെയും വൃദ്ധജനങ്ങളെയും ഒക്കെ നിരത്തുകളില്‍ ഇപ്പോള്‍ കാണുന്നുമുണ്ട്.

അടുത്ത ദിവസം മുതല്‍ ലോക്ഡൗണിന് കൂടുതല്‍ ഇളവുകള്‍ വരുന്നതോടെ ജനങ്ങള്‍ കൂട്ടമായി പുറത്തിറങ്ങുമെന്ന കാര്യം ഉറപ്പാണ്. നിയന്ത്രണങ്ങള്‍ കൃത്യമായി നടപ്പാക്കാന്‍ പൊലീസ് പരിശോധന, കര്‍ശനമാക്കിയാല്‍ മാത്രമെ സമ്ബര്‍ക്കത്തിലൂടെയുള്ള രോഗവ്യാപനം അടക്കം തടഞ്ഞു നിര്‍ത്താനാവുകയുള്ളു.