പാലക്കാട്‌: മുകേഷിനെതിരേ നല്‍കിയ വിവാഹമോചന നോട്ടീസില്‍ ഗാര്‍ഹിക പീഡനം ആരോപിച്ചിട്ടുണ്ടെന്ന പ്രചാരണം അടിസ്‌ഥാനരഹിതമാണെന്ന്‌ ഭാര്യ മേതില്‍ ദേവിക. മുകേഷുമായി പ്രശ്‌നങ്ങളുണ്ടെങ്കിലും അതില്‍ ഗാര്‍ഹിക പീഡനം ഉള്‍പ്പെടുന്നില്ല. ഇതിന്റെ പേരില്‍ മുകേഷിനെ കുറ്റക്കാരനാക്കരുതെന്നും തന്റെ ജീവിതത്തിന്റെ വലിയ ഭാഗമായിരുന്നു അദ്ദേഹമെന്നും അവര്‍ പ്രതികരിച്ചു.
വ്യക്‌തിപരമായ കാരണങ്ങള്‍ കൊണ്ടാണ്‌ വിവാഹബന്ധം വേര്‍പിരിയുന്നത്‌. ഈ തീരുമാനമെടുത്ത സന്ദര്‍ഭം വളരെ പ്രയാസകരമായ ഘട്ടമാണെന്നും സമാധാനപരമായി അത്‌ മറികടക്കാന്‍ അനുവദിക്കണമെന്നും അവര്‍ അഭ്യര്‍ഥിച്ചു. മുകേഷിനെ ചെളിവാരിയെറിയാനില്ല. അഭിഭാഷകന്‍ നോട്ടീസ്‌ കൊടുത്തിട്ടുണ്ട്‌. ഇക്കാര്യത്തില്‍ മുകേഷ്‌ നിലപാട്‌ വ്യക്‌തമാക്കിയിട്ടില്ല.
കലാകാരന്‍ എന്ന നിലയിലും രാഷ്‌ട്രീയ പ്രവര്‍ത്തകന്‍ എന്ന നിലയിലും മുകേഷുമായി ഇത്തരം വ്യക്‌തിപരമായ കാര്യങ്ങള്‍ കൂട്ടിക്കുഴയ്‌ക്കാന്‍ പാടില്ല. വിവാഹമോചനം സംബന്ധിച്ച്‌ അദ്ദേഹവുമായി നേരത്തേ സംസാരിച്ചതാണ്‌.
തെരഞ്ഞെടുപ്പ്‌ കഴിയാന്‍ കാത്തുനിന്നതാണെന്നും ദേവിക പറഞ്ഞു. മുകേഷിന്റെ രാഷ്‌ട്രീയ പശ്‌ചാത്തലം കണക്കിലെടുത്താണ്‌ ഇക്കാര്യങ്ങള്‍ വിശദീകരിക്കാന്‍ നിര്‍ബന്ധിതയായതെന്നും പുത്തൂരിലെ വീട്ടിലെത്തിയ മാധ്യമപ്രവര്‍ത്തകരോട്‌ ദേവിക പറഞ്ഞു.