ആഭ്യന്തര മന്ത്രി അമിത് ഷായുടെ വിമാനം അടിയന്തരമായി ഗുവാഹത്തിയില്‍ ഇറക്കി. ഇന്നലെ രാത്രിയാണ് വിമാനം ഗുവാഹത്തിയിലെ ലോക്പ്രിയ ഗോപിനാഥ് ബോര്‍ഡോലോയ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ അടിയന്തരമായി ഇറക്കിയത്. അഗര്‍ത്തലയിലേക്കുളള യാത്രമധ്യേ കാലാവസ്ഥ പ്രതികൂലമായതിനെ തുടര്‍ന്നാണ് വിമാനം ഇറക്കിയത്.

നിലവില്‍ ഗുവാഹത്തിയിലെ ഹോട്ടല്‍ റാഡിസണ്‍ ബ്ലൂവില്‍ കഴിയുന്ന അദ്ദേഹം രാവിലെ അഗര്‍ത്തലയിലേക്ക് യാത്രയാകും. ത്രിപുരയിലെ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുളള രഥയാത്ര ഉദ്ഘാടനം ചെയ്യാനാണ് അദ്ദേഹം അഗര്‍ത്തലയിലേക്ക് പോകുന്നത്. ഗുവാഹത്തി വിമാനത്താവളത്തില്‍ ഇറങ്ങിയ അമിത്ഷായെ മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ സ്വീകരിച്ചു.

ത്രിപുരയിലെ ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്ന് തുടക്കം കുറിക്കും. ബിജെപിയുടെ ജന ബിശ്വാസ് രഥയാത്രയും തുടര്‍ന്ന് ധര്‍മനഗറില്‍ നടക്കുന്ന പൊതുയോഗവും ഷാ ഫ്‌ളാഗ് ഓഫ് ചെയ്യും. ഉച്ചഭക്ഷണത്തിന് ശേഷം അദ്ദേഹം ദക്ഷിണ ത്രിപുരയിലെ സബ്‌റൂമിലേക്ക് പോകും.