റായ്പൂര്‍: ആന്ധ്ര പ്രദേശിലെ വിശാഖ പട്ടണത്ത് കെമിക്കല്‍ ഫാക്ടറിയില്‍ നിന്ന് വാതകം ചോര്‍ന്ന് 11 പേര്‍ മരിച്ചതിന് പിന്നാലെ ഛത്തീസ്ഗഡിലും വാതക ചോര്‍ച്ച. റായ്ഗഡിലെ പേപ്പല്‍ മില്ലില്‍ നിന്നാണ് വാതക ചോര്‍ച്ചയുണ്ടായത്. നിരവധി പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. മില്ലിലെ ടാങ്ക് ശുചീകരിക്കുന്നതിനിടെയാണ് തൊഴിലാളികള്‍ ബോധരഹിതരായി വീണത്. മൂന്ന് പേരുടെ നില ഗുരുതരമാണെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

കുഴഞ്ഞു വീണ ആളുകളെ റായ്ഗഡ് ജില്ലയിലെ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിക്കുന്നതെന്ന് ജില്ലാ പോലീസ് സൂപ്രണ്ട് വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. വിശാഖപട്ടണത്തെ സംഭവം നടന്ന് മണിക്കൂറുകള്‍ പിന്നിടുമ്ബോഴാണ് ഛത്തീസ്ഗഡിലും വാതക ചോര്‍ച്ചയുണ്ടായിരിക്കുന്നത്. വിശാഖപട്ടണത്ത് 11 പേര്‍ മരിക്കുകയും 800 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തിട്ടുണ്ട്. മരിച്ചവരുടെ ബന്ധുക്കള്‍ക്ക് ഒരു കോടി രൂപ മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഡി പ്രഖ്യാപിച്ചു.

ആന്ധ്ര പ്രദേശ് സര്‍ക്കാരിനോടും കേന്ദ്രത്തോടു സംഭവത്തില്‍ പ്രതികരണം തേടി ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ നോട്ടീസ് അയച്ചു. മാധ്യമ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ കമ്മീഷന്‍ കേസെടുത്തിട്ടുണ്ട്. ജനങ്ങളുടെ ജീവിക്കാനുള്ള അവകാശം ഹനിക്കപ്പെട്ടിരിക്കുകയാണെന്ന് കമ്മീഷന്‍ നോട്ടീസില്‍ നിരീക്ഷിക്കുന്നു.