മന്ത്രിസഭാ രൂപീകരണം സംബന്ധിച്ച ചര്‍ച്ചകള്‍ക്കായി ഇടതുമുന്നണി യോഗം ഇവിടെ ചേരുന്നതിനിടെ ആദ്യ ടേമില്‍ മന്ത്രിസ്ഥാനം വേണമെന്ന് നിര്‍ബന്ധമില്ലെന്ന് ജനാധിപത്യ കേരള കോണ്‍ഗ്രസ് നേതാവ് ആന്റണി രാജു അറിയിച്ചു. മന്ത്രിസ്ഥാനം തുടക്കത്തില്‍ ലഭിക്കണമെന്ന കാര്യത്തില്‍ പിടിവാശിയില്ലെന്നും മുന്നണിയ്ക്ക് വേണ്ടി വിട്ടുവീഴ്ചയ്ക്ക് തയ്യാറാണെന്നും ആദ്യം മന്ത്രിയാകാന്‍ താല്‍പര്യമുള്ളവര്‍ ആകട്ടെയെന്നും ആന്റണി രാജു എല്‍.ഡി.എഫ് യോഗത്തില്‍ വ്യക്തമാക്കി.
ഇടതു മുന്നണിയില്‍ ഒരംഗം വീതമുള്ള നാല് ഘടകകക്ഷികള്‍ക്ക് രണ്ടര വര്‍ഷം വീതം രണ്ടു മന്ത്രിസ്ഥാനങ്ങള്‍ പങ്കുവയ്ക്കാന്‍ ഉഭയകക്ഷി ചര്‍ച്ചകളില്‍ ധാരണയായിരുന്നു. ഇതനുസരിച്ച്‌ കേരള കോണ്‍ഗ്രസ്- ബി, കോണ്‍ഗ്രസ്- എസ്, ഐ.എന്‍.എല്‍, ജനാധിപത്യ കേരള കോണ്‍ഗ്രസ് എന്നിവര്‍ക്ക് മന്ത്രിസ്ഥാനം ലഭിക്കും. ലോക് താന്ത്രിക് ജനതാദളിന് മന്ത്രിസ്ഥാനം ലഭിക്കില്ല. രണ്ട് അംഗങ്ങളുള്ള ജനതാദള്‍- എസുമായി എല്‍.ജെ.ഡി ലയിക്കണമെന്ന നിര്‍ദ്ദേശമാണ് നേരത്തേ മുതല്‍ സി.പി.എം മുന്നോട്ടുവച്ചിരുന്നത്. ഇന്നലെ ഉഭയകക്ഷി ചര്‍ച്ചയില്‍ രണ്ട് സോഷ്യലിസ്റ്റ് ഗ്രൂപ്പുകള്‍ക്കുമായി ഒരു വകുപ്പ് നല്‍കാനേ നിവൃത്തിയുള്ളൂവെന്ന് എല്‍.ജെ.ഡി നേതാക്കളെ സി.പി.എം നേതൃത്വം അറിയിച്ചു. അതേസമയം, മന്ത്രിസ്ഥാനമില്ലെങ്കില്‍ ബോര്‍ഡ്, കോര്‍പ്പറേഷന്‍ പദവികളടക്കം സ്വീകരിക്കരുതെന്നാണ് എല്‍.ജെ.ഡിയിലെ വികാരം. എന്നാല്‍, മുന്നണി വിടില്ല. മന്ത്രിസ്ഥാനം ലഭിച്ച ഘടകകക്ഷികളില്‍ നിന്ന് രാമചന്ദ്രന്‍ കടന്നപ്പള്ളി (കോണ്‍. എസ്), അഹമ്മദ് ദേവര്‍കോവില്‍ (ഐ.എന്‍.എല്‍), ആന്റണി രാജു (ജനാധിപത്യ കേരള കോണ്‍ഗ്രസ്) എന്നിവര്‍ മന്ത്രിമാരാകും.
അതേസമയം, രണ്ടര വര്‍ഷത്തേക്കായി മന്ത്രിസ്ഥാനം സ്വീകരിക്കുന്ന കാര്യത്തില്‍ കടുത്ത അതൃപ്തിയിലാണ് കെ.ബി. ഗണേശ് കുമാറും അദ്ദേഹത്തിന്റെ പാര്‍ട്ടിയായ കേരള കോണ്‍ഗ്രസ് (ബി)യും. ഇക്കാര്യം ഗണേശ് യോഗത്തില്‍ അറിയിക്കും. മന്ത്രിയായ ശേഷം വകുപ്പിനെക്കുറിച്ച്‌ പഠിച്ചുവരുമ്ബോഴേക്കും സമയം തീരുമെന്ന നിലപാടാണ് ഗണേശിനുള്ളത്. ഇക്കാര്യം ഗണേശ് യോഗത്തില്‍ ശക്തമായി ഉന്നയിച്ചു. അതേസമയം,​ രണ്ട് മന്ത്രിസ്ഥാനം നല്‍കാത്തതില്‍ ജോസ് കെ.മാണിയുടെ മുന്നണി യോഗത്തില്‍ ശക്തമായ പ്രതിഷേധം അറിയിച്ചു. നിലവില്‍ ഒരു മന്ത്രിസ്ഥാനവും കാബിനറ്റ് റാങ്കോടെയുള്ള ചീഫ് വിപ്പ് സ്ഥാനവും ആണ് കേരളാ കോണ്‍ഗ്രസിന് സി.പി.എം നല്‍കിയിരിക്കുന്നത്. ഇതനുസരിച്ച്‌ റോഷി അഗസ്റ്റിന്‍ മന്ത്രിയും ഡോ.എന്‍.ജയരാജ് ചീഫ് വിപ്പുമാകും. റോഷിയെ ഇന്നലെ പാര്‍ലമെന്ററി പാര്‍ട്ടി നേതാവായി തിരഞ്ഞെടുത്തിരുന്നു.
അതേസമയം,​ സി.പി.എം- സി.പി.ഐ വകുപ്പുകളില്‍ ധാരണയായിട്ടുണ്ട്. പ്രധാന വകുപ്പുകള്‍ ഇരു പാര്‍ട്ടികളും കൈയില്‍ വയ്ക്കും. ഇന്നത്തെ യോഗത്തില്‍ വകുപ്പ് വിഭജനം ചര്‍ച്ച ചെയ്യാന്‍ ഇടയില്ല. പകരം തീരുമാനമെടുക്കാന്‍ മുഖ്യമന്ത്രിയെ ചുമതലപ്പെടുത്തും. സി.പി.ഐയുടെ നാല് മന്ത്രിമാരും പുതുമുഖങ്ങളായിരിക്കും.