തിരുവനന്തപുരം: എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ എത്രയും വേഗം നടത്താന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയതായി സൂചന. പരീക്ഷകള്‍ പൂര്‍ത്തിയാക്കിയ ശേഷം പ്രവാസികളെ മടക്കിക്കൊണ്ടുവരാനാണ് തീരുമാനം. കേന്ദ്രം ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ കാര്യമായ ഇളവ് വരുത്തിയതോടെ പരീക്ഷകള്‍ നടത്തുന്നതിന് തടസമില്ല. ഇതനുസരിച്ച് മേയ് 17നു ശേഷം നാല് ദിവസമായി പരീക്ഷ നടത്താനുള്ള തയാറെടുപ്പിലാണ് വിദ്യാഭ്യാസ വകുപ്പ്. വിദേശത്തു നിന്ന് മലയാളികളെ കൊണ്ടുവന്നാല്‍ അവരെ ക്വാറന്റൈനില്‍ പാര്‍പ്പിക്കാന്‍ സ്കൂളുകള്‍ അടക്കം ഏറ്റെടുക്കേണ്ടിവരും. ഈ സാഹചര്യത്തിലാണ് പ്രവാസികളെത്തും മുമ്ബ് പരീക്ഷകള്‍ പൂര്‍ത്തിയാക്കാനുദ്ദേശിക്കുന്നത്. ഇക്കാര്യം കേന്ദ്രസര്‍ക്കാരുമായി ഇന്നലെ ചര്‍ച്ച ചെയ്തു.
എസ്എസ്എല്‍സിക്ക് മൂന്നും പ്ലസ് വണ്‍, പ്ലസ് ടുവിന് രണ്ടും പരീക്ഷകളാണ് കോവിഡ് കാരണം മുടങ്ങിയത്.
അതേസമയം വിദേശ രാജ്യങ്ങളിലും പരീക്ഷ നടത്തേണ്ടതുണ്ട്. അവിടെ പരീക്ഷാ നടത്തിപ്പിന് അനുകൂലമായ സാഹചര്യമുണ്ടോ എന്നുകൂടി പരിശോധിക്കേണ്ടതുണ്ടെന്ന് വിദ്യാഭ്യാസ മന്ത്രിയുടെ ഓഫീസ് കലാകൗമുദിയോടു പറഞ്ഞു. സംസ്ഥാനം ഏതു സമയവും പരീക്ഷ നടത്താന്‍ സന്നദ്ധമാണ്. വിദേശ രാജ്യങ്ങളില്‍ സംസ്ഥാനത്തെ അധ്യാപകരെത്തിയാണ് പരീക്ഷ നടത്തിയിരുന്നത്. ലക്ഷദ്വീപിലും പരീക്ഷ നടത്തേണ്ടതുണ്ട്. അവിടെ കോവിഡ് ഭീഷണിയില്ല. അതിനാല്‍ സാഹചര്യങ്ങള്‍ അനുകൂലമാണ്. വിദേശ രാജ്യങ്ങളിലെ അനുമതി കൂടി കിട്ടിയാല്‍ മാത്രമേ പരീക്ഷാ നടത്തിപ്പില്‍ അന്തിമ തീരുമാനമെടുക്കാനാകുകയുള്ളു.
ലോക്ക്ഡൗണ്‍ പിന്‍വലിച്ച് ഒരാഴ്ചയ്ക്ക് ശേഷമേ പരീക്ഷ നടത്താന്‍ കഴിയൂ എന്ന നിലപാടിലാണ്് അദ്ധ്യാപക സംഘടനകള്‍. പരീക്ഷാ നടത്തിപ്പിന് വെറും നാലു ദിവസം മാത്രം മതിയാകും. ആദ്യവര്‍ഷ ഹയര്‍സെക്കന്‍ഡറി പരീക്ഷകള്‍ ജൂണ്‍, ജുലൈ മാസങ്ങളില്‍ നടത്തിയാല്‍ മതിയെന്ന നിര്‍ദ്ദേശം അധ്യാപക സംഘടനകള്‍ മുന്നോട്ടു വച്ചിട്ടുണ്ട്. വിഎച്ച്എസ്ഇ, ടിടിസി പരീക്ഷകളും മുടങ്ങിയ കൂട്ടത്തിലുണ്ട്. എസ്എസ്എല്‍സിയോടൊപ്പമാണ് ടിടിസി പരീക്ഷകള്‍ നടത്തിയിരുന്നത്. ഇത് എന്ന് നടത്തണമെന്ന് തീരുമാനിച്ചിട്ടില്ല.ഒമ്ബതാം ക്ലാസ് വരെ മുടങ്ങിയ പരീക്ഷകള്‍ നടത്തേണ്ട എന്ന് സര്‍ക്കാര്‍ നേരത്തെ തീരുമാനിച്ചിരുന്നു. അവശേഷിക്കുന്ന വിഷയങ്ങളില്‍ മുന്‍ പരീക്ഷകളിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ വിദ്യാര്‍ത്ഥികളെ വിജയിപ്പിക്കാനാണ് നിര്‍ദ്ദേശം.