തിരുവനന്തപുരം> തദ്ദേശ തെരഞ്ഞെടുപ്പിന്റെ അവസാനഘട്ട വോട്ടെടുപ്പില്‍ നാല് ജില്ലകളിലേക്കുള്ള പോളിങ് തുടങ്ങി. കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട് , മലപ്പുറം ജില്ലകളിലാണ് ഇന്ന് വോട്ടെുപ്പ്. രാവിലെ തന്നെ ബൂത്തുകള്‍ക്ക് മുന്നില്‍ നീണ്ട നിരയാണ്.മലപ്പുറം പാണ്ടിക്കാട് വാര്‍ഡ് 17ലെ ബൂത്ത് 2ല്‍ വോട്ടിങ് യന്ത്രം തകരാറിലായതിനെ തുടര്‍ന്ന് വോട്ടെടുപ്പ് തടസപ്പെട്ടു.

മൂന്നുഘട്ടമായി നടന്ന പോളിങ് ഇന്നത്തോടെ പൂര്‍ത്തിയാകും. 16നാണ് വോട്ടെണ്ണല്‍ കോവിഡ് മാനദണ്ഡങ്ങള്‍ പൂര്‍ണമായി പാലിച്ചാണ് വോട്ടെുപ്പ് നടക്കുന്നത്.

മുഖ്യമന്ത്രി പിണറായി വിജയന്‍, സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍, കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍, മുസ്ലിംലീഗ് അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി എംപി, ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍ തുടങ്ങിയവര്‍ ഇന്ന് വോട്ട് രേഖപ്പെടുത്തും. ആദ്യ രണ്ടുഘട്ടത്തിലെ 10 ജില്ലകളിലും കനത്ത പോളിങ്ങായിരുന്നു. തെക്കന്‍ ജില്ലകളില്‍ 2015-നെക്കാള്‍ വോട്ടിങ് ശതമാനം കുറഞ്ഞതായാണ് അന്തിമ കണക്ക് . തിരുവനന്തപുരം–-70.04, കൊല്ലം–- 73.80, പത്തനംതിട്ട–-69.72, ആലപ്പുഴ–- 77.40, ഇടുക്കി–-74.68, കോട്ടയം–-73.95, എറണാകുളം–-77.25, തൃശൂര്‍–-75.10, പാലക്കാട്–-78.14, വയനാട്–- 79.49 ശതമാനം എന്നിങ്ങനെയായിരുന്നു ഒന്നുംരണ്ടും ഘട്ടത്തിലെ പോളിങ് നില. വാശിയേറിയ പ്രചാരണം അരങ്ങേറിയ വടക്കന്‍ ജില്ലകളിലും നല്ല പോളിങ്ങാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ കാസര്‍കോട്–-78.43, കണ്ണൂര്‍–-80.91, കോഴിക്കോട്–- 81.46, മലപ്പുറം–-71.00 എന്നിങ്ങനെയായിരുന്നു പോളിങ് ശതമാനം.

വര്‍ധിച്ച ആത്മവിശ്വാസവുമായാണ് എല്‍ഡിഎഫ് ബൂത്തിലേക്ക് നീങ്ങുന്നത്. സര്‍ക്കാരിന്റെ ജനക്ഷേമ–-വികസനപദ്ധതികള്‍ വോട്ടര്‍മാരില്‍ പ്രകടമായ അനുകൂല പ്രതികരണമുണ്ടാക്കി. ഭരണവിരുദ്ധ വികാരമില്ലെന്നതാണ് ശ്രദ്ധേയമായ മറ്റൊരു ഘടകം. മട്ടന്നൂര്‍ വിമാനത്താവളം, ഗെയില്‍, ദേശീയപാത വികസനം , പ്രാഥമിക പ്രവര്‍ത്തനമാരംഭിച്ച വയനാട് തുരങ്കപാതയുള്‍പ്പെടെ മുഖച്ഛായ മാറ്റുന്ന വികസനപദ്ധതികള്‍ക്കാണ് എല്‍ഡിഎഫ് ഭരണത്തില്‍ മലബാര്‍ സാക്ഷ്യംവഹിക്കുന്നത്. ലൈഫ് മിഷന്‍ ഭവനപദ്ധതിയടക്കം നിര്‍ത്തുമെന്ന യുഡിഎഫ് പ്രഖ്യാപനത്തിനെതിരായ വികാരവും പ്രതിഫലിക്കും.