ഡിട്രോയിറ്റ്: ‘ മിഷിഗണിലെ അവശ്യ ജീവനക്കാർക്കും ആരോഗ്യ പ്രവർത്തകർക്കും സൗജന്യ കോളേജ് വിദ്യാഭ്യാസം ലഭ്യമാക്കുന്ന പദ്ധതിയുമായി മിഷിഗൺ ഗവർണർ വിറ്റ്മർ “ജി ഐ ” ബിൽ നടപ്പാക്കുന്നു. ഈ പദ്ധതിയിലൂടെ മിഷിഗണിലെ ആരോഗ്യ പ്രവർത്തകർ, അവശ്യ ജീവനക്കാർ, മാലിന്യ സംസ്ക്കരണ തൊഴിലാളികൾ, നിത്യോപയോഗ സാധനങ്ങളുടെ വിതരണക്കാർ, നിർദ്ധന തൊഴിലാളികൾ, പൊതുജന സംരക്ഷണ പ്രവർത്തകർ തുടങ്ങിയവർക്ക് സൗജന്യ കോളേജ് വിദ്യാഭ്യാസം ലഭ്യമാകും. ഫെഡൻ ഗ്രാൻറ് ഉപയോഗിച്ച് ഈ വിദ്യാഭ്യാസ പദ്ധതികളുടെ തുക കണ്ടെത്തുമെന്ന് ഗവർണർ അറിയിച്ചു.
കോവിഡ് 19 എന്ന മഹാമാരിക്ക് എതിരേയുള്ള പോരാട്ടത്തിൽ സ്വന്തം ജീവൻ പോലും തൃണവത്കരിച്ചു കൊണ്ട് മുൻനിരയിൽ നിന്നു പോരാടുന്നവർക്കായുള്ള നാടിൻ്റെ സമ്മാനമാണിത്. ശത്രുവിനെതിരെയുള്ള പോരാട്ടത്തിൽ സഹായിച്ചവരെ ആദരിച്ചിട്ടുള്ള ചരിത്രമാണ് അമേരിക്കക്കുള്ളത്.എന്നാലിപ്പോൾ പോരാട്ടം  വൈറസ് എന്ന ശത്രുവിനെതിരെയാണ്.ഈ പോരാട്ടത്തിൽ നാം വിജയിക്കുക തന്നെ ചെയ്യും. അതിൽ സഹായിക്കുന്നവരോടുള്ള കടപ്പാടാണിതെന്ന് വിറ്റ്മെർ പറഞ്ഞു.
ഈ പദ്ധതിയിലൂടെ ടെക്നിക്കൽ സർട്ടിഫിക്കറ്റ് കോഴ്സുകൾ, അസോസിയേറ്റ് ഡിഗ്രി, ബാച്ചിലേഴ്സ് ഡിഗ്രി എന്നിവ സൗജന്യമായി പൂർത്തീകരിക്കുവാൻ സാധിക്കും. മിഷിഗൺ സംസ്ഥാനത്തുള്ള യൂണിവേഴ്സിറ്റികൾ ഈ പദ്ധതിയുമായി സഹകരിക്കാൻ തയ്യാറായിട്ടുണ്ട്. ഇതു സമൂഹത്തിൻ്റെ ഉന്നമനത്തിനു സഹായിക്കുകയും കൂടുതലാളുകൾക്കു തങ്ങളുടെ സ്വപ്നങ്ങൾ ഇതിലൂടെ സാക്ഷാത്കരിക്കാൻ സാധിക്കുമെന്ന് വിറ്റ്മെർ പ്രത്യാശ പ്രകടിപ്പിച്ചു.
  • അലൻ ചെന്നിത്തല