ഡല്‍ഹി: ഹൃദയ സംബന്ധമായ ബുദ്ധിമുട്ടുകളെ തുടര്‍ന്ന് ഡല്‍ഹി എയിംസിലെ കാര്‍ഡിയോ തൊറാസിക് വാര്‍ഡില്‍ പ്രവേശിപ്പിച്ച മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന്റെ നില തൃപ്തികരമെന്ന് റിപ്പോര്‍ട്ട്. പുതിയ മരുന്നില്‍ നിന്നുണ്ടായ അസ്വസ്ഥതകളാണ് 87 കാരനായ സിംഗിനെ അലട്ടിയത്. കാര്‍ഡിയോ പ്രൊഫസര്‍ ഡോ.നിതീഷ് നായിക്കും സംഘവുമാണ് അദ്ദേഹത്തെ പരിചരിക്കുന്നത്.

മാര്‍ച്ച്‌ മാസത്തില്‍ പാര്‍ലമെന്റ് സമ്മേളനത്തിന് മുന്‍പുണ്ടായ വീഴ്ചയെ തുടര്‍ന്ന് പൂ‌ര്‍ണ്ണമായും വിശ്രമത്തിലായിരുന്നു മന്‍മോഹന്‍ സിംഗ്. രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട്, ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജിരിവാള്‍ ഉള്‍പ്പടെയുള്ള പ്രമുഖര്‍ മന്‍മോഹന്‍ സിംഗ് വേഗം സുഖം പ്രാപിക്കട്ടേയെന്ന് ആശംസിച്ചു.