തിരുവനന്തപുരം: അരുവിക്കര ഡാം തുറന്നത് ചട്ടങ്ങള്‍ എല്ലാം പാലിച്ചെന്ന് തിരുവനന്തപുരം ജില്ലാ കളക്ടര്‍ കെ.ഗോപാലകൃഷ്ണന്‍. അരുവിക്കര ഡാം ഒരു സ്റ്റോറേജ് ഡാം അല്ല മറിച്ചു ജലത്തിന്റെ ഒഴുക്ക് നിയന്ത്രിക്കുന്നതിന് വേണ്ട (regulate ) സംവിധാനത്തോടുകൂടിയ ഡാം മാത്രമാണ്. തിരുവനന്തപുരം നഗരത്തിലേക്ക് ശുദ്ധ ജലം എത്തിക്കുന്നത് അരുവിക്കര ഡാമില്‍ നിന്നുമാണ്. 46.6 മീറ്ററാണ് ഈ ഡാമിന്റെ ആകെ സംഭരണ ശേഷി. 46.2 മീറ്റര്‍ വരെ വെള്ളം എപ്പോഴും ഉണ്ടാകും.എങ്കില്‍ മാത്രമേ തിരുവനന്തപുരം നഗരത്തിനു അവശ്യം വേണ്ട ജലം എത്തിക്കുവാന്‍ കഴിയുകയുള്ളു.

വ്യാഴാഴ്ച്ച ഉച്ചക്ക് ഒരു മണി മുതല്‍ വെള്ളിയാഴ്ച്ച ഉച്ചയ്ക്ക് ഒരു മണിവരെ ജില്ലയില്‍ യെല്ലോ അലെര്‍ട് പ്രഖ്യാപിച്ചിരിക്കുകയായിരുന്നു. സാധാരണ നിലയില്‍ 6 മുതല്‍ 11cm മഴയാണ് യെല്ലോ അലെര്‍ട് സമയത്തു പ്രതീക്ഷിക്കുന്നത്. എന്നാല്‍ 22.3 cm മഴയാണ് ഈ ദിവസങ്ങള്‍ നമുക്ക് ലഭിച്ചത്. അതായത് 2018 ലെ പ്രളയത്തിലെ മൂന്ന് ദിവസങ്ങളില്‍ ലഭിച്ച മഴയുടെ പകുതി മഴ ഇന്നലെ പുലര്‍ച്ചെ പെയ്ത മഴയില്‍ നിന്നുമാത്രം ലഭിച്ചു. ഇത് അരുവിക്കര ഡാമിന്റെ സംഭരണ ശേഷിക്കും അപ്പുറമാണ്. വെള്ളിയാഴ്ച്ച പുലര്‍ച്ചെ 3.30 മണിക്കാണ് ഷട്ടറുകള്‍ തുറക്കുവാന്‍ ആരംഭിച്ചത്.

പോലീസ്, റവന്യൂ മറ്റ് വകുപ്പുകള്‍ക്കും വിവരം കൈമാറിയിരുന്നു.ഇവരുമായി കൂടിആലോചിച്ചതിനു ശേഷമാണ് ഡാം തുറന്നത്. ഇതിന് മുന്നോടിയായുള്ള മുന്‍കരുതല്‍ നടപടികളെല്ലാം സ്വീകരിച്ചിരുന്നു. ഇതില്‍ ഒരു വീഴ്ച്ചയും സംഭവിച്ചിട്ടില്ല. കിള്ളിയാര്‍, നെയ്യാര്‍ എന്നീ ആറുകളുടെ ക്യാച്ച്‌മെന്റ് ഏരിയയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ കനത്ത മഴ ലഭിച്ചിരുന്നു. ഇതായിരുന്നു ഈ ആറുകളിലേക്കു അമിത ജലം ഒഴുകിയെത്താന്‍ കാരണമായതെന്ന് കളക്ടര്‍ പറഞ്ഞു.