അയോധ്യ രാമക്ഷേത്രത്തില്‍ ഒന്‍പത് അടി ഉയരത്തില്‍ പുതിയ ശ്രീരാമ വിഗ്രഹം സ്ഥാപിക്കുമെന്ന്‌ ക്ഷേത്ര ട്രസ്റ്റ് ഭാരവാഹി. പുതിയ ക്ഷേത്രത്തില്‍ പഴയ വിഗ്രഹം സ്ഥാപിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. പതിറ്റാണ്ടുകള്‍ നീണ്ട നിയമയുദ്ധത്തിനൊടുവില്‍ 2019 നവംബര്‍ 9-നാണ് സുപ്രീം കോടതി,  അയോധ്യയിലെ തര്‍ക്കഭൂമിയില്‍ രാമക്ഷേത്രം നിര്‍മ്മിക്കാന്‍ അനുമതി നല്‍കിയത്. 2020 ആഗസ്റ്റ് 5-ന് പ്രധാനമന്ത്രി ക്ഷേത്രത്തിന്റെ നിര്‍മ്മാണത്തിനായുള്ള ഭൂമി പൂജ നടത്തി.

ശ്രീരാമന്റെ പുതിയ വിഗ്രഹം നിര്‍മ്മിക്കുന്നത് സംബന്ധിച്ച് എല്ലാ മുതിര്‍ന്ന ദര്‍ശകരുമായും ചര്‍ച്ച നടത്തുമെന്ന് രാമ ക്ഷേത്ര ട്രസ്റ്റ് സെക്രട്ടറി ചമ്പത് റായ് വാര്‍ത്ത ഏജന്‍സിയായ പിടിഐയോട് പറഞ്ഞു. കര്‍ണാടക, ഒഡീഷ, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ നിന്നുള്ള കല്ലുകള്‍ വിഗ്രഹത്തിനായി തിരഞ്ഞെടുത്തിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ‘ശ്രീകോവിലില്‍ 9 അടി ഉയരത്തില്‍, വിഗ്രഹത്തിന്റെ നെറ്റിയില്‍ സൂര്യകിരണങ്ങള്‍ പതിക്കുന്ന രീതിയിലാകും വിഗ്രഹം സ്ഥാപിക്കുക. ഇതിനായി സിഎസ്‌ഐആര്‍-സിബിആര്‍ഐ, സെന്റര്‍ ഓഫ് അസ്‌ട്രോണമി ആന്‍ഡ് ആസ്‌ട്രോഫിസിക്‌സ് എന്നിവയില്‍ നിന്നുള്ള വിദഗ്ധരുടെ ഒരു ടീമിനെ രൂപീകരിച്ചിട്ടുണ്ട്’ റായ് പറഞ്ഞു. 

എന്നിരുന്നാലും, വിഗ്രഹത്തിന്റെ കൃത്യമായ രൂപവും മുഖഭാവവും എങ്ങനെയാകണമെന്ന് തീരുമാനിച്ചിട്ടില്ല. വിഗ്രഹത്തിന്റെ അന്തിമ തെരഞ്ഞെടുപ്പിനായി ഒഡീഷയില്‍ നിന്നുള്ള ശില്‍പികളായ സുദര്‍ശന്‍ സാഹു, വാസുദേവ് കാമത്ത്, കര്‍ണാടകയില്‍ നിന്നുള്ള കെ കെ വി മണിയ, പൂനെയില്‍ നിന്നുള്ള ശത്രുയാഗ്യ ദെയുല്‍ക്കര്‍ എന്നിവരോട് വിഗ്രഹങ്ങളുടെ ഡ്രാഫ്റ്റ് അയയ്ക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

2024 ജനുവരി ഒന്നിന് അയോധ്യയില്‍ രാമക്ഷേത്ര നിര്‍മ്മാണം പൂര്‍ത്തീകരിക്കുമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ വ്യാഴാഴ്ച പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ 2024 ല്‍ മകരസംക്രാന്തി ദിനത്തില്‍ ( ജനുവരി 14) ക്ഷേത്ര ശ്രീകോവിലില്‍ ശ്രീരാമവിഗ്രഹം സ്ഥാപിക്കുമെന്നും 2023 അവസാനത്തോടെ ശ്രീകോവിലിന്റെ നിര്‍മാണം പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.