വാഷിങ്ടണ്‍: ശത്രുക്കളെ നേരിടാനുള്ള അത്യാധുനിക ലേസര്‍ ആയുധം പരീക്ഷിച്ച് അമേരിക്ക. പസഫിക് സമുദ്രത്തില്‍ വിന്യസിച്ചിട്ടുള്ള പസഫിക് ഫ്ളീറ്റിന്റെ ഭാഗമായ യു.എസ്.എസ് പോര്‍ട്ട്ലാന്‍ഡ് എന്ന കപ്പലില്‍ നിന്നാണ് അമേരിക്ക ആയുധം പരീക്ഷിച്ചത്. ലേസര്‍ വെപ്പണ്‍ സിസ്റ്റം ഡെമോണ്‍സ്ട്രേറ്റര്‍ എന്നാണ് സോളിഡ് സ്റ്റേറ്റ് ലേസര്‍ സാങ്കേതിക വിദ്യ ഉപയോഗിച്ച് വികസിപ്പിച്ച ഈ ആയുധത്തിന്റെ പേര്.
കരയില്‍ നിന്നും കടലില്‍ നിന്നും ആകാശത്തുനിന്നുമുള്ള ആക്രമണങ്ങളെ തടയാന്‍ സാധിക്കുന്നതാണ് പുതിയ ആയുധമെന്ന് പസഫിക് ഫ്ളീറ്റ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. ആയുധത്തിന്റെ പരീക്ഷണം വിജയകരമായിരുന്നു. ഇതിന്റെ വീഡിയോയും അമേരിക്ക പുറത്തുവിട്ടിട്ടുണ്ട്. കടലിന് മുകളില്‍ കൂടി പറന്ന ആളില്ലാ വിമാനത്തിനെ ആയുധം ലേസര്‍ ഉപയോഗിച്ച് തകര്‍ത്തു. ഈ പരീക്ഷണത്തില്‍ നിന്ന് ലഭിച്ച വിവരങ്ങള്‍ ഉപയോഗിച്ച് ആയുധത്തെ കൂടുതല്‍ പരിഷ്കരിക്കാനാണ് തീരുമാനം.
ഡ്രോണുകള്‍, ചെറുവിമാനങ്ങള്‍ എന്നിവയെ തകര്‍ക്കാന്‍ ഈ ആയുധത്തിന് സാധിക്കുമെന്നാണ് വിവരം. നേവല്‍ റിസര്‍ച്ച് ആന്‍ഡ് നോര്‍ത്ത്റോപ് ഗ്രുമ്മന് ആണ് ഈആയുധം വികസിപ്പിച്ചത്.
1960 മുതല്‍ ഇത്തരം ആയുധങ്ങള്‍ വികസിപ്പിക്കുന്നതിനുള്ള ശ്രമങ്ങളിലായിരുന്നു അമേരിക്ക. 2019ല്‍ ലേസര്‍ വെപ്പണ്‍ സിസ്റ്റം എന്ന പേരില്‍ ഒരെണ്ണം ഇവര്‍ വികസിപ്പിച്ചിരുന്നു. എന്നാല്‍ ഇതിനേക്കാള്‍ കരുത്ത് കൂടിയതാണ് ഇപ്പോള്‍ വികസിപ്പിച്ച ലേസര്‍ വെപ്പണ്‍. 150 കിലോവാട്ടാണ് ഇതിന്റെ ശക്തി.