ഡോ. ജോര്‍ജ് എം. കാക്കനാട്ട്

ഹ്യൂസ്റ്റണ്‍: അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന തൊഴിലില്ലായ്മ നിരക്ക് പുറത്തു വന്നു. യുഎസ് സമ്പദ്‌വ്യവസ്ഥയ്ക്ക് കനത്ത ആഘാതമേല്‍പ്പിച്ചു കൊണ്ട് 20.5 ദശലക്ഷം ജീവനക്കാര്‍ക്കാണ് ഏപ്രിലില്‍ തൊഴിലുകള്‍ നഷ്ടപ്പെട്ടതെന്ന് ബ്യൂറോ ഓഫ് ലേബര്‍ സ്റ്റാറ്റിസ്റ്റിക്‌സിന്റെ ഡേറ്റ വെളിപ്പെടുത്തി. 1939 ല്‍ തൊഴില്‍ വിവരങ്ങള്‍ കണ്ടെത്താന്‍ തുടങ്ങിയതിനുശേഷം ഉണ്ടായ ഏറ്റവും വലിയ ഇടിവ്. ബിസിനസുകള്‍ വീണ്ടും തുറക്കുമ്പോള്‍ വീണ്ടും ജോലി കണ്ടെത്താന്‍ കഴിയുമെന്ന് സാമ്പത്തിക വിദഗ്ധര്‍ പ്രതീക്ഷിക്കുന്നു, എന്നാല്‍ തൊഴില്‍ വിപണി അതിന്റെ പഴയശക്തിയിലേക്ക് മടങ്ങാന്‍ മാസങ്ങളോ വര്‍ഷങ്ങളോ എടുത്തേക്കാം. അഭൂതപൂര്‍വമായ ഈ ആഘാതത്തില്‍ നിന്ന് യുഎസ് തൊഴില്‍ വിപണി വീണ്ടെടുക്കാന്‍ സമയമെടുക്കുമെന്ന് ഫെഡറല്‍ റിസര്‍വ് ചെയര്‍മാന്‍ ജെറോം പവല്‍ പറഞ്ഞു.

കൊറോണ വൈറസ് പടരാതിരിക്കാനായി അമേരിക്കന്‍ സമ്പദ്‌വ്യവസ്ഥയുടെ ഭൂരിഭാഗവും സ്വയം അടച്ചുപൂട്ടിയതോടെ മാര്‍ച്ചിലും 870,000 ജോലികള്‍ വെട്ടിക്കുറച്ചിരുന്നു. ഈ രണ്ട് മാസത്തെ ജോലി നഷ്ടം സാമ്പത്തിക പ്രതിസന്ധി സമയത്ത് നഷ്ടപ്പെട്ട 8.7 ദശലക്ഷം ജോലികളുടെ ഇരട്ടി വരും. 2008 ലെ സാമ്പത്തിക പ്രതിസന്ധിയില്‍ ജോലിയും വീടുകളും നഷ്ടപ്പെട്ട നിരവധി അമേരിക്കക്കാര്‍ക്ക്, ഈ നിമിഷം പഴയ വേദനകള്‍ അയവിറക്കാനുള്ള അവസരമായി. ആ തിരിച്ചടികളില്‍ നിന്ന് കരകയറാന്‍ വര്‍ഷങ്ങളെടുത്തു. സമ്പദ്‌വ്യവസ്ഥ ക്രമേണ പിന്നോട്ട് പോയപ്പോള്‍, യുഎസ് തൊഴിലുടമകള്‍ 10 വര്‍ഷത്തിനിടെ 22.8 ദശലക്ഷം തൊഴിലവസരങ്ങളാണ് പുതിയതായി സൃഷ്ടിച്ചത്. മഹത്തായ മാന്ദ്യത്തെ നേരിട്ട എല്ലാവര്‍ക്കും അതൊരു വന്‍ വിജയമായിരുന്നുവെങ്കില്‍ ഇപ്പോഴത്തെ അവസ്ഥയില്‍ ഉറക്കമില്ലാത്ത രാവുകളാണത്.

കൊറോണ വൈറസ് വരുത്തിയ പൊതുജനാരോഗ്യ പ്രതിസന്ധി അമേരിക്കയുടെ ഉറക്കം കെടുത്തുകയാണിന്ന്. 1948 ല്‍ ബിഎല്‍എസ് പ്രതിമാസ നിരക്ക് രേഖപ്പെടുത്താന്‍ തുടങ്ങിയതിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന തൊഴിലില്ലായ്മാ നിരക്ക് ഏപ്രിലില്‍ 14.7 ശതമാനമായി കുതിച്ചുയര്‍ന്നു. അമേരിക്കന്‍ തൊഴിലില്ലായ്മ നിരക്ക് 1933 ല്‍ 24.9 ശതമാനമായി ഉയര്‍ന്നതായിരുന്നു ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്നത്. കൊറോണ വൈറസിന്റെ വ്യാപനം മന്ദഗതിയിലാക്കാന്‍ മാര്‍ച്ച് അവസാനത്തില്‍ സംസ്ഥാന-പ്രാദേശിക സര്‍ക്കാരുകള്‍ സ്‌റ്റേഹോം ഓര്‍ഡറുകള്‍ നടപ്പാക്കിയതാണ് തിരിച്ചടിയായത്. ദശലക്ഷക്കണക്കിന് ജീവനക്കാര്‍ക്ക് തൊഴില്‍ നഷ്ടപ്പെടുകയോ അല്ലെങ്കില്‍ ജോലിയില്‍ നിന്ന് പിരിച്ചുവിടുകയോ ചെയ്തു.

7.7 ദശലക്ഷം തൊഴിലുകള്‍ നഷ്ടപ്പെട്ടത് ഹോട്ടല്‍ വ്യവസായത്തിലാണെങ്കില്‍ 2.1 ദശലക്ഷം തൊഴിലവസരങ്ങള്‍ നഷ്ടപ്പെട്ടതു ചില്ലറവ്യാപാരമേഖലയിലാണ്. രോഗികളുടെ വരവ് നേരിടാന്‍ ആശുപത്രികള്‍ പാടുപെടുന്നതിനിടയിലും, ആരോഗ്യപരിപാലന തൊഴിലാളികള്‍ക്കും പിരിച്ചുവിടലുകള്‍ നേരിടേണ്ടിവന്നു. ഫിസിഷ്യന്‍മാര്‍, ദന്തരോഗവിദഗ്ദ്ധരുടെ ഓഫീസുകള്‍ തുടങ്ങിയ ഔട്ട്‌പേഷ്യന്റ് സേവനങ്ങള്‍ മാത്രം ഏപ്രിലില്‍ 1.2 ദശലക്ഷം ജോലികളാണ് ഇല്ലാതാക്കിയത്. പ്രതിസന്ധി ഘട്ടത്തില്‍ അത്യാവശ്യമായിരുന്ന ഭക്ഷ്യപാനീയ സ്‌റ്റോറുകളില്‍ 42,000 തൊഴിലുകള്‍ നഷ്ടപ്പെട്ടു. തൊഴിലുടമകളുടെ സര്‍വേയില്‍ സ്വതന്ത്ര കരാറുകാരായ ഉബര്‍, ലിഫ്റ്റ് ഡ്രൈവര്‍മാരെ ഉള്‍പ്പെടുത്തിയിട്ടില്ല.

അതുപോലെ, ജീവനക്കാരുടെ സര്‍വേയില്‍ നിന്നുള്ള തൊഴിലില്ലായ്മ നിരക്ക്, തൊഴിലില്ലാത്ത അമേരിക്കക്കാരുടെ എണ്ണത്തെയും കണക്കാക്കുന്നു. ജോലിയില്ലാത്തവരാണെങ്കിലും മുമ്പത്തെ നാലാഴ്ചയ്ക്കുള്ളില്‍ ഒരു പുതിയ ജോലിക്കായി സജീവമായി തിരഞ്ഞപ്പോള്‍ ആളുകളെ ‘തൊഴിലില്ലാത്തവര്‍’ എന്ന് ബിഎല്‍എസ് കണക്കാക്കുന്നു. ഏപ്രിലില്‍ ഏകദേശം 18 ദശലക്ഷം ആളുകളെ ‘താല്‍ക്കാലിക പിരിച്ചുവിടലില്‍’ തൊഴിലില്ലാത്തവര്‍ ആയി കണക്കാക്കി, കഴിഞ്ഞ മാസം ഇത് വെറും 1.8 ദശലക്ഷം മാത്രമായിരുന്നു.

രാജ്യത്തിന്റെ ഭൂരിഭാഗവും ഇപ്പോഴും സ്‌റ്റേഹോം ഓര്‍ഡറുകളില്‍ ഉള്ളതിനാല്‍, ജോലിയില്‍ നിന്ന് പിരിച്ചുവിട്ട നിരവധി തൊഴിലാളികള്‍ ഏപ്രിലില്‍ പുതിയ ജോലികള്‍ക്കായി ശ്രമിച്ചിരുന്നില്ല. ‘തൊഴിലില്ലാത്തവര്‍’ എന്ന് ഇവരെ കണക്കാക്കപ്പെടുന്നതിനുപകരം, അവരെ ഒഴിവാക്കിയതായാണ് കണക്കൂകൂട്ടിയത്. 16 വയസ്സിനു മുകളിലുള്ള യുഎസ് ജനസംഖ്യയുടെ പങ്ക് കണക്കാക്കുന്ന തൊഴില്‍ജനസംഖ്യാ അനുപാതം ഏപ്രിലില്‍ 51.3 ശതമാനമായി ചുരുങ്ങി, മാര്‍ച്ചില്‍ ഇത് 60 ശതമാനമായിരുന്നു.

ചരിത്രപരമായി, സാമ്പത്തിക മാന്ദ്യത്തിന്റെ ഏറ്റവും വിനാശകരമായ കാര്യം, ജോലികള്‍ അപ്രത്യക്ഷമാവുകയും കമ്പനികള്‍ പുതിയവ സൃഷ്ടിക്കാന്‍ വര്‍ഷങ്ങളെടുക്കുകയും ചെയ്യുന്നുവെന്നാണ്. ഹോസ്പിറ്റാലിറ്റി മേഖലകള്‍ വീണ്ടെടുക്കാന്‍ കൂടുതല്‍ സമയമെടുക്കും. ഇപ്പോഴത്തെ സാമ്പത്തിമാന്ദ്യ അവസ്ഥയില്‍ ഉപയോക്താക്കള്‍ റെസ്‌റ്റോറന്റുകളിലേക്ക് പോവുകയോ നീണ്ട അവധിക്കാല യാത്ര ചെയ്യുമോ എന്ന് സാമ്പത്തിക വിദഗ്ധര്‍ ആശങ്കപ്പെടുന്നു. ഇതിനുപുറമേ, വര്‍ഷത്തിന്റെ രണ്ടാം പകുതിയില്‍ കോവിഡ് 19 അണുബാധയുടെ രണ്ടാം തരംഗത്തെക്കുറിച്ചും വിദഗ്ദ്ധര്‍ ആശങ്കപ്പെടുന്നു.

മഹാമാന്ദ്യവുമായുള്ള താരതമ്യങ്ങള്‍ ഭയാനകമായി തോന്നാം, കൊറോണ വൈറസ് തൊഴില്‍ പ്രതിസന്ധി ചരിത്രപരമായി ആഴമേറിയതാണെങ്കിലും, 1930 കളിലെ സാമ്പത്തിക മാന്ദ്യം പോലെ ഇത് കഠിനമാകുമെന്ന് സാമ്പത്തിക വിദഗ്ധര്‍ പ്രവചിക്കുന്നില്ല. മഹാമാന്ദ്യം 12 വര്‍ഷത്തോളം നീണ്ടുനിന്നു, അക്കാലത്ത് യുഎസിന് ഒരു സാമൂഹിക സുരക്ഷാ വലയില്ലായിരുന്നു. നിലവിലെ പ്രതിസന്ധിയില്‍, തൊഴിലില്ലായ്മ ആനുകൂല്യങ്ങള്‍ വിപുലീകരിക്കുന്നതിനും ബിസിനസുകള്‍ക്ക് ധനസഹായം വ്യാപിപ്പിക്കുന്നതിനും പ്രതിവര്‍ഷം 99,000 ഡോളറില്‍ താഴെ വരുമാനം നേടുന്ന വ്യക്തികള്‍ക്ക് ഉത്തേജക പാക്കേജ് സഹായകമായി.

തൊഴിലില്ലായ്മ ആനുകൂല്യങ്ങള്‍ വിപുലീകരിച്ച് ആഴ്ചയില്‍ 600 ഡോളര്‍ അധികമാക്കി. ഇത് വരുന്ന നാല് മാസം വരെ ഉള്‍പ്പെടുത്തി. ക്‌ലെയിമുകള്‍ പ്രോസസ്സ് ചെയ്യുന്നതിനായി സംസ്ഥാനം ആയിരം പേരെക്കൂടി നിയമിച്ചതായി ന്യൂയോര്‍ക്ക് ഗവര്‍ണര്‍ ആന്‍ഡ്രൂ ക്യൂമോ പറഞ്ഞു. എന്നാല്‍ ന്യൂജേഴ്‌സിയില്‍, ഇപ്പോഴും ക്ലെയിമുകള്‍ പ്രോസ്സസ്സ് ചെയ്യാനാവാതെ വിഷമിക്കുകയാണെന്ന് ഗവര്‍ണര്‍ ഫില്‍ മര്‍ഫി വെളിപ്പെടുത്തി. പതിറ്റാണ്ടുകള്‍ പഴക്കമുള്ള കമ്പ്യൂട്ടര്‍ പ്രോഗ്രാമിംഗ് ഭാഷയായ കൊബോള്‍ അറിയുന്ന സന്നദ്ധപ്രവര്‍ത്തകരെ ഇപ്പോഴും സംസ്ഥാനം തേടുകയാണ്. കാരണം സംസ്ഥാനത്തെ പല കമ്പ്യൂട്ടര്‍ സിസ്റ്റങ്ങളും ഇപ്പോഴും പഴയ മെയിന്‍ഫ്രെയിമുകളില്‍ പ്രവര്‍ത്തിക്കുന്നു. സമയബന്ധിതമായി ആളുകള്‍ക്ക് അവരുടെ ആനുകൂല്യങ്ങള്‍ നല്‍കുന്നതിന് ഇത് സഹായിച്ചിട്ടില്ല.

അതേസമയം, കോവിഡ് 19 മൂലമുള്ള രാജ്യത്തെ മരണനിരക്ക്, 77,058 ആയി. രോഗികളുടെ എണ്ണം 1,295,058 ആയി വര്‍ദ്ധിച്ചു. ഇതില്‍ 217,292 ആശുപത്രി വിട്ടു. ഗുരുതരാവസ്ഥയിലുള്ളത് 16,992 പേരാണ്.