തിരുവനന്തപുരം: കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച 20 ലക്ഷം കോടി രൂപയുടെ സാമ്ബത്തിക പാക്കേജിനെ വിമര്‍ശിച്ച്‌ ധനമന്ത്രി തോമസ് ഐസക് രംഗത്ത്. അമേരിക്കയുടെയും ബ്രിട്ടണ്‍ന്റെയുമെല്ലാം ഊതി വീര്‍പ്പിക്കല്‍പോലെ തന്നെയാകും പ്രധാനമന്ത്രിയുടെ പാക്കേജ് എന്ന് ഐസക് ഫേസ്ബുക്കില്‍ കുറിച്ചു. സംസ്ഥാനങ്ങളെ കുറിച്ച്‌ കേന്ദ്ര മന്ത്രിയുടെ പാക്കേജില്‍ ഒരു പരമാര്‍ശം പോലും ഇല്ല എന്നത് പ്രതിഷേധാര്‍ഹമാണെന്നും തോമസ് ഐസക് വിമര്‍ശിക്കുന്നു.

ഫേസ്ബുക്ക് പോസ്‌റ്റിന്റെ പൂര്‍ണരൂപം-

’20 ലക്ഷം കോടി രൂപയുടെ പാക്കേജിനെ സ്വാഗതം ചെയ്യുന്നതിനു മുമ്ബ് അതിന്റെ ഉള്ളടക്കമൊന്ന് പരിശോധിക്കേണ്ടതായിരുന്നില്ലേ എന്ന് ചോദിച്ച സുഹൃത്തുക്കളുണ്ട്. അവരുടെ ചോദ്യം വളരെ പ്രസക്തമാണ് എന്നതാണ് ഇന്നത്തെ ധനമന്ത്രിയുടെ പാക്കേജ് പത്രസമ്മേളനം കഴിഞ്ഞപ്പോള്‍ ബോധ്യമായത്. ഇങ്ങനെയാണ് പാക്കേജിന്റെ പോക്കെങ്കില്‍ ഇത് കേന്ദ്ര സാമ്ബത്തിക ഉപദേഷ്ടാവ് കൃഷ്ണമൂര്‍ത്തി സുബ്രഹ്മണ്യം സൂചിപ്പിച്ച കണക്കുകൊണ്ടുള്ള കളിയായിത്തീരും.

കേന്ദ്ര സാമ്ബത്തിക ഉപദേഷ്ടാവ് കൃഷ്ണമൂര്‍ത്തി സുബ്രഹ്മണ്യം മെയ് ആറിന് എക്കണോമിക് ടൈംസിന് നല്‍കിയ അഭിമുഖത്തില്‍ മറ്റു പല രാജ്യങ്ങളും പോലെ ഇന്ത്യ ദേശീയവരുമാനത്തിന്റെ പത്തു ശതമാനം പാക്കേജിന് നീക്കിവെയ്ക്കുന്നതിനെ കഠിനമായി എതിര്‍ത്തു. അമേരിക്കയുടെയും ബ്രിട്ടന്റെയുമെല്ലാം പതിനഞ്ചു ശതമാനവും പതിമൂന്നു ശതമാനവുമെല്ലാം ഊതിവീര്‍പ്പിച്ച കണക്കാണെന്നാണ് അദ്ദേഹം വാദിച്ചത്. പ്രധാനമന്ത്രിയുടെ പാക്കേജും ഇതുപോലൊന്നായിരിക്കാനാണ് സാധ്യത. ഇന്നു പ്രഖ്യാപിച്ച ഇനങ്ങള്‍ക്കെല്ലാംകൂടി കേന്ദ്ര ബജറ്റില്‍ നിന്നോ കേന്ദ്രം വായ്പയെടുത്തു നല്‍കേണ്ടി വരുന്ന തുക കൂട്ടിയാല്‍ 30000 കോടി രൂപ പോലും വരില്ല. ബാക്കിയെല്ലാം ബാങ്കുകളുടെയും മറ്റും ചുമലിലാണ്.

ചെറുകിട സംരംഭക മേഖലയ്ക്ക് സെക്യൂരിറ്റി ഇല്ലാതെ മൂന്നു ലക്ഷം കോടി അനുവദിച്ചതാണ് ഹൈലൈറ്റ്. ഇത് നല്ലതു തന്നെ. പക്ഷേ, ചെറുകിട മേഖല ഏതാണ്ട് ഏകകണ്ഠമായി ആവശ്യപ്പെട്ടുകൊണ്ടിരുന്നത് ഒരു വര്‍ഷം മോറട്ടോറിയം നീട്ടണമെന്നും അക്കാലത്തെ പലിശ കേന്ദ്രസര്‍ക്കാര്‍ ഏറ്റെടുക്കണമെന്നാണ്. മൂന്നു മാസം മോറട്ടോറിയം നീക്കിയെങ്കിലും പലിശയുടെ ഭാരം ചെറുകിടക്കാരുടെ മേല്‍ തുടരും. ബാങ്കുകള്‍ വായ്പ കൊടുക്കാന്‍ തയ്യാറാകുമോ എന്നുള്ളത് വേറൊരു പ്രശ്നം. കാരണം, കഴിഞ്ഞ ആഴ്ച എട്ടര ലക്ഷം കോടി രൂപയാണ് മൂന്നര ശതമാനം പലിശ വാങ്ങി റിസര്‍വ് ബാങ്കില്‍ ഈ ബാങ്കുകള്‍ നിക്ഷേപിച്ചത്. എത്ര പറഞ്ഞിട്ടും വായ്പ കൊടുക്കാന്‍ അവര്‍ക്കു മടിയാണ്. കൈയില്‍ കാശായിട്ട് പണം മുഴുവന്‍ സൂക്ഷിക്കുക. അതല്ലെങ്കില്‍ പെട്ടെന്ന് കാശാക്കാന്‍ പറ്റുന്ന സെക്യൂരിറ്റികളില്‍ നിക്ഷേപിക്കുക എന്നതാണ് അവരുടെ നയം.

ചെറുകിട സ്ഥാപനങ്ങള്‍ക്ക് 20000 കോടി രൂപ സബോഡിനേറ്റ് ഡെ്ര്രബായി നല്‍കുന്നതിനും 50000 കോടി രൂപ ഓഹരി പങ്കാളിത്തത്തിനു വേണ്ടി നീക്കിവെച്ചതും സ്വാഗതാര്‍ഹമാണ്.

ചെറുകിട സ്ഥാപനങ്ങള്‍ പ്രവര്‍ത്തിച്ചു തുടങ്ങണമെങ്കില്‍ അവരുടെ ഉല്‍പന്നങ്ങള്‍ വാങ്ങാന്‍ ആളുണ്ടാകണം. ജനങ്ങളുടെ കൈയില്‍ പണമെത്തിച്ചുകൊണ്ടല്ലാതെ ഈ വാങ്ങല്‍ക്കഴിവ് തകര്‍ച്ചയ്ക്ക് പരിഹാരമുണ്ടാകില്ല. കഴിഞ്ഞ മാസം പ്രഖ്യാപിച്ച 1.7 ലക്ഷം കോടി രൂപയില്‍ ഏതാണ്ട് പകുതി മാത്രമേ ബജറ്റില്‍ നിന്നുള്ള പണമുള്ളൂ.

ബാങ്കേതര ധനകാര്യസ്ഥാപനങ്ങള്‍ക്ക് മുപ്പതിനായിരം കോടി രൂപ ലഭ്യമാക്കുന്നുണ്ട്. 45000 കോടി രൂപ ക്രെഡിറ്റ് ഗ്യാരണ്ടി ആയും നല്‍കുന്നുണ്ട്. അതൊക്കെ നല്ലതു തന്നെ. പക്ഷേ, അങ്ങനെയൊരു ചിന്ത സംസ്ഥാന സര്‍ക്കാരുകളോടില്ല. 90,000 കോടി രൂപ ഇലക്‌ട്രിസിറ്റി കമ്ബനികള്‍ക്ക് നല്‍കുന്ന വായ്പയുടെ ഗ്യാരണ്ടി നില്‍ക്കേണ്ടത് സംസ്ഥാന സര്‍ക്കാരുകളാണ്. സംസ്ഥാനങ്ങളെക്കുറിച്ച്‌ ഒരു പരാമര്‍ശം പോലും കേന്ദ്രധനമന്ത്രിയുടെ പാക്കേജില്‍ ഇല്ല എന്നത് പ്രതിഷേധാര്‍ഹമാണ്.’