ന്യൂയോർക്ക്∙ അമേരിക്കയിൽ തൊഴിലില്ലായ്മ വേതനത്തിന് അപേക്ഷിക്കുന്ന അമേരിക്കക്കാരുടെ എണ്ണം കഴിഞ്ഞയാഴ്ച 712,000 ആയി. യുഎസ് സമ്പദ്‌വ്യവസ്ഥയും തൊഴിൽ വിപണിയും ബിസ്സിനസ്സ് – വ്യവസായ മേഖലകളും കോവിഡ് വ്യാപനത്തിന്റെ വൈറൽ പൊട്ടിത്തെറിമൂലം സമ്മർദ്ദത്തിലാണെന്നതിന്റെ ഏറ്റവും പുതിയ സൂചനയാണിത്.

യുഎസ് സമ്പദ്‌വ്യവസ്ഥയെ വൈറസ് തളർത്തുന്നതിനു മുൻപ്, കഴിഞ്ഞ മാർച്ചിൽ ഓരോ ആഴ്ചയും തൊഴിലില്ലായ്മ ആനുകൂല്യങ്ങൾക്കായി അപേക്ഷിക്കുന്നവരുടെ എണ്ണം ഏകദേശം 2,25,000 ആയിരുന്നു. പുതിയ സ്ഥിരീകരിച്ച വൈറൽ കേസുകൾ ഇപ്പോൾ ശരാശരി 1,60,000 കവിയുന്നതിനാൽ, സമ്പദ്‌വ്യവസ്ഥയുടെ മിതമായ വീണ്ടെടുക്കൽ കൂടുതൽ അപകടത്തിലാണ്.

പകർച്ചവ്യാധി കാരണം കഴിഞ്ഞ ഒൻപത് മാസത്തിന് ശേഷവും നിരവധി തൊഴിൽ രംഗങ്ങൾ മന്ദഗതിയിലായതിനാൽ പലതും നഷ്ടത്തിലാണ് ഇപ്പോൾ പ്രവർത്തിക്കുന്നത്. തന്മൂലം തൊഴിലുടമകൾ തൊഴിലാളികളുടെ ജോലി സമയം വെട്ടിക്കുറയ്ക്കുകയോ, ജോലിക്കാരെ താൽക്കാലിക അവധിയിൽ പ്രവേശിപ്പിക്കുവാനോ നിർബന്ധിതരാവുന്നു.