കര്‍സണ്‍ സിറ്റി : യു.എസില്‍ നെവേഡയില്‍ റിക്ടര്‍ സ്കെയിലില്‍ 6.5 രേഖപ്പെടുത്തിയ ഭൂചലനം. പ്രാദേശിക സമയം വെള്ളിയാഴ്ച പുലര്‍ച്ചെ 4.03 ഓടെ ലാസ്‌വേഗാസിന് 225 മൈല്‍ വടക്ക്പടിഞ്ഞാറ് കാലിഫോര്‍ണിയ അതിര്‍ത്തിക്ക് സമീപമുള്ള നെവേഡയിലെ വിദൂര മേഖലയിലാണ് ശക്തമായ ചലനം ഉണ്ടായതെന്ന് യു.എസ് ജിയോളജിക്കല്‍ സര്‍വേ അറിയിച്ചു.
1954ന് ശേഷം ഇതാദ്യമായാണ് നെവേഡയില്‍ ഇത്രയും വ്യാപ്തി കൂടിയ ചലനം രേഖപ്പെടുത്തുന്നത്. റീനോ – റ്റാഹോ മേഖലയിലാണ് ചലനം ഉണ്ടായത്. കാലിഫോര്‍ണിയയിലെ സാന്‍ വാകീന്‍, സാക്രമെന്‍റ്റോ താഴ്വരകളിലും ഭൂചലനത്തിന്റെ പ്രഭാവം അനുഭവപ്പെട്ടതായി റിപ്പോര്‍ട്ടുണ്ട്. ആളപായമോ മറ്റ് നാശനഷ്ടമോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. അതേ സമയം, റോഡുകളിലും വീടുകളുടെ ജനല്‍പാളികളിലും വിള്ളലുകള്‍ കണ്ടെത്തിയിട്ടുണ്ട്. വരുന്ന ഏഴ് ആഴ്ചക്കുള്ളില്‍ ചെറു ചലനങ്ങള്‍ ഉണ്ടായേക്കാമെന്ന് മുന്നറിയിപ്പുണ്ട്. റിക്ടര്‍ സ്കെയിലില്‍ 6.5 ന് മുകളിലുള്ള ചലനങ്ങള്‍ ഉണ്ടാകാന്‍ നാല് ശതമാനം മാത്രം സാദ്ധ്യതയേ ഉള്ളുവെന്ന് യു.എസ് ജിയോളജിക്കല്‍ സര്‍വേ അറിയിച്ചു.