അബുദാബി: യുഎഇയുടെ ദേശീയ വിമാനക്കമ്പനിയായ ഇത്തിഹാദ് എയര്‍വേസ് ഇന്ത്യയുടെ വടക്കു പടിഞ്ഞാറന്‍ നഗരമായ ജയ്പൂരിലേക്ക് ആഴ്ചയില്‍ നാല് നോണ്‍ സ്റ്റോപ്പ് സര്‍വീസുകള്‍ ആരംഭിച്ചു. ജയ്പൂര്‍ ഇന്‍റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ വച്ചായിരുന്നു സര്‍വീസുകളുടെ ഉദ്ഘാടനം ഇത്തിഹാദ് എയര്‍വേയ്സ് അധികൃതര്‍ സംഘടിപ്പിച്ചത്. അബുദാബി വഴി ഇന്ത്യയുടെ സാംസ്‌കാരിക കേന്ദ്രവും ലോകത്തിന്‍റെ മറ്റു ഭാഗങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്താന്‍ ലക്ഷ്യമിടുന്നതാണ് ഈ സര്‍വീസ്.

ഇന്ത്യയിലെ പ്രധാന സാംസ്‌കാരിക വാണിജ്യ കേന്ദ്രമായ ജയ്പൂരിലേക്ക് ആഴ്ചയില്‍ നാല് ഫ്‌ളൈറ്റുകള്‍ ആരംഭിക്കുന്നതില്‍ സന്തോഷമുണ്ടെന്ന് ഇത്തിഹാദ് എയര്‍വേയ്സിന്‍റെ സിഇഒ അന്‍റൊണാള്‍ഡോ നെവ്‌സ് പറഞ്ഞു. രാജസ്ഥാനുമായി ഈ നിര്‍ണായക എയര്‍ ലിങ്ക് സ്ഥാപിക്കുന്നതിലൂടെ, ഈ മേഖലയിലും പരിസരത്തുമുള്ള യാത്രക്കാരുടെ വര്‍ദ്ധിച്ചുവരുന്ന ആവശ്യം നിറവേറ്റാനും അവര്‍ക്ക് അബുദാബിയിലേക്കും ദുബായിലേക്കും സൗകര്യപ്രദമായ യാത്രയും അതോടൊപ്പം ലോകത്തിന്‍റെ മറ്റുഭാഗങ്ങളിലേക്കുള്ള യാത്രയും എളുപ്പമാവുമെന്നും അദ്ദേഹം പറഞ്ഞു.

ബിസിനസ്, ഇക്കണോമി ക്യാബിനുകളില്‍ എയര്‍ബസ് എ320 കുടുംബത്തില്‍ നിന്നുള്ള വിമാനങ്ങള്‍ ഉപയോഗിച്ചാണ് വിമാനങ്ങള്‍ സര്‍വീസ് നടത്തുക. വടക്കുപടിഞ്ഞാറന്‍ ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ഇത്തിഹാദിന്റെ സര്‍വീസ് ശൃംഖലകള്‍ ഉപയോഗിച്ചുള്ള യാത്ര ഇതോടെ കൂടുതല്‍ എളുപ്പമാവും.

ജയ്പൂരില്‍ നിന്ന് യുഎസിലേക്ക് പറക്കുന്ന യാത്രക്കാര്‍ക്ക് അബുദാബിയിലെ യുഎസ് കസ്റ്റംസ് ആന്‍ഡ് ബോര്‍ഡര്‍ പ്രൊട്ടക്ഷന്‍ (സിബിപി) സൗകര്യം പ്രയോജനപ്പെടുത്താമെന്നും എയര്‍ലൈന്‍ അറിയിച്ചു. ഇന്ത്യന്‍ വിപണിയോടുള്ള ഇത്തിഹാദിന്‍റെ താല്‍പര്യമാണ് ജയ്പുര്‍ സര്‍വീസ് ആരംഭിക്കുന്നതിലൂടെ വ്യക്തമാവുന്നതെന്നും അദ്ദേഹം പറഞ്ഞു.