ചേര്‍ത്തല : വഴിയെല്ലാം അവള്‍ക്കു മുന്നില്‍ തുറന്നു. ഹൈദരാബാദില്‍ അര്‍ബുദചികിത്സയ്‌ക്കായി അന്‍വിതയെന്ന ഒന്നരവയസുകാരിയും മാതാപിതാക്കളും അധികൃതരുടെ സഹായത്തോടെ താണ്ടിയതു നാല്‌ സംസ്‌ഥാനങ്ങളിലായി 1240 കിലോമീറ്റര്‍. ചേര്‍ത്തലയില്‍നിന്നു ഹൈദരാബാദിലേക്കുള്ള നീണ്ടയാത്രയിലുടനീളം ഉല്ലാസവതിയായിരുന്നു അന്‍വിത.
കേരളസര്‍ക്കാരിന്റെ ഇടപെടലിനേത്തുടര്‍ന്ന്‌ സംസ്‌ഥാന അതിര്‍ത്തികളിലൊന്നും സംഘത്തിനു തടസമുണ്ടായില്ല. ഹൈദരാബാദിലെത്തിയ അന്‍വിതയ്‌ക്കും മാതാപിതാക്കള്‍ക്കും പ്രത്യേക താമസസൗകര്യവുമൊരുക്കിയിരുന്നു. നേത്രാര്‍ബുദ ചികിത്സയ്‌ക്കു മുന്നോടിയായി, ഇന്നു രാവിലെ ഏഴിന്‌ എല്‍.വി. പ്രസാദ്‌ ആശുപത്രിയിലെ പ്രാഥമികപരിശോധനയ്‌ക്കുശേഷം കുട്ടിയെ അപ്പോളോ ആശുപത്രിയിലേക്കു മാറ്റും. നാളെ കീമോ ചികിത്സ നടത്തും. 24 മണിക്കൂര്‍ നിരീക്ഷണത്തിനുശേഷം മറ്റന്നാള്‍ നാട്ടിലേക്കു മടങ്ങാനാകുമെന്നാണു പ്രതീക്ഷ.
ചേര്‍ത്തല നഗരസഭ 24-ാം വാര്‍ഡില്‍ കിഴക്കേനാല്‍പ്പത്‌ മുണ്ടുവെളി വിനീത്‌ വിജയന്‍- ഗോപിക ദമ്ബതികളുടെ മകള്‍ അന്‍വിതയ്‌ക്കു കണ്ണില്‍ അര്‍ബുദം (റെറ്റിനോ ബ്ലാസ്‌റ്റോമ) ബാധിച്ചതിനേത്തുടര്‍ന്ന്‌ ഏറെനാളായി ഹൈദരാബാദിലാണു ചികിത്സ. കോവിഡ്‌ പ്രതിരോധത്തിന്റെ ഭാഗമായി രാജ്യം അടച്ചുപൂട്ടിയതോടെ, ചികിത്സ മുടങ്ങുമെന്ന ഘട്ടത്തിലാണു സാമൂഹികമാധ്യമങ്ങളിലൂടെ വിവരം പുറംലോകമറിഞ്ഞത്‌. തുടര്‍ന്ന്‌, മുഖ്യമന്ത്രി പിണറായി വിജയനും ആരോഗ്യമന്ത്രി കെ.കെ. ശൈലജയും ഇടപെട്ടു. സോഷ്യല്‍ സെക്യൂരിറ്റി മിഷന്റെ സഹായത്തോടെ യാത്രാസൗകര്യമൊരുക്കി. കഴിഞ്ഞ ഞായറാഴ്‌ച രാവിലെയാണു സംഘം ചേര്‍ത്തലയില്‍നിന്നു പുറപ്പെട്ടത്‌. ചീഫ്‌ സെക്രട്ടറിയും ഉന്നത പോലീസ്‌ ഉദ്യോഗസ്‌ഥരും ഇടപെട്ട്‌ മൂന്നു സംസ്‌ഥനങ്ങളിലെയും ചീഫ്‌ സെക്രട്ടറിമാര്‍ക്കും കടന്നുപോകുന്ന ജില്ലകളിലെ പോലീസ്‌ മേധാവികള്‍ക്കും യാത്രാവിവരം കൈമാറിയിരുന്നു. ഹൈദരാബാദിലെ മലയാളി സംഘടനകളും ഇവര്‍ക്കായി സൗകര്യമൊരുക്കി. യാത്രയില്‍ ഒരിടത്തും യാതൊരു ബുദ്ധിമുട്ടുമുണ്ടായില്ലെന്നു ഡ്രൈവര്‍മാരായ എം. മനോജും ജി.ആര്‍. രാജീവും പറഞ്ഞു.