ന്യൂഡല്‍ഹി: കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ലോക്ക്ഡൗണ്‍ ജൂണ്‍ 30 വരെ നീട്ടി. പക്ഷേ, നിരവധി ഇളവുകളാണ് ലോക്ക്ഡൗണ്‍ അഞ്ചില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ലോക്ക്ഡൗണ്‍ അഞ്ചാംഘട്ടം ജൂണ്‍ ഒന്നുമുതല്‍ ജൂണ്‍ 30 വരെയാണ്. അതേസമയം, യാത്രകള്‍ക്കുള്ള ഇളവുകള്‍ കന്റയിന്‍മെന്റ് സോണുകളില്‍ ബാധകമായിരിക്കില്ല. സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനത്തിന് അനുസരിച്ച് ആയിരിക്കും കന്റയിന്‍മെന്റ് സോണുകളിലെ യാത്രകള്‍.
അന്തര്‍സംസ്ഥാന യാത്രകള്‍ക്കും സംസ്ഥാനങ്ങള്‍ക്ക് ഉള്ളിലുള്ള യാത്രകള്‍ക്കും ഏര്‍പ്പെടുത്തിയ വിലക്കുകള്‍ക്ക് ലോക്ക്ഡൗണ്‍ അഞ്ചാംഘട്ടത്തില്‍ ഇളവുകള്‍ അനുവദിക്കും. അതേസമയം, സംസ്ഥാനങ്ങള്‍ക്ക് സാഹചര്യം അനുസരിച്ച് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താവുന്നതാണ്.
‘ആളുകളുടെയും സാധനങ്ങളുടെയും സംസ്ഥാനത്തിന് ഉള്ളിലുള്ള യാത്രകളും അന്തര്‍സംസ്ഥാന യാത്രകള്‍ക്കും വിലക്ക് ഉണ്ടായിരിക്കില്ല. ഇത്തരം യാത്രകള്‍ക്കായി പ്രത്യേക അനുമതിയോ അനുവാദമോ ഇ-പെര്‍മിറ്റോ ആവശ്യമില്ല.’ – ശനിയാഴ്ച പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ ആഭ്യന്തരമന്ത്രാലയം അറിയിച്ചു.