പ്രധാനമന്ത്രിയെ വിമര്‍ശിച്ചതിന്റെ പേരില്‍ മുതിര്‍ന്ന പത്രപ്രവര്‍ത്തകന്‍ വിനോദ് ദുവക്കെതിരെ ഹിമാചല്‍ പ്രദേശ് പോലിസ് രജിസ്റ്റര്‍ ചെയ്ത എഫ് ഐ ആര്‍ റദ്ദു ചെയ്ത സുപ്രീം കോടതി വിധി ഏറെ സന്തോഷം നല്‍കുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. അധികാര കേന്ദ്രങ്ങളെ ചോദ്യം ചെയ്യുക, ഭരണാധികാരികളെ വിമര്‍ശിക്കുക എന്നത് മാധ്യമ ധര്‍മ്മമാണ്. എന്നാല്‍ നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ കേന്ദ്രത്തില്‍ ഭരണം പിടിച്ചതിനു ശേഷം പത്രമാധ്യമങ്ങള്‍ സ്വാധീനിച്ചും, സ്വാധീനത്തില്‍ വഴിപ്പെടാത്തവരെ ഭീഷണി കൊണ്ടും പ്രതികാര നടപടി കൊണ്ടും വരുതിയിലാക്കാന്‍ ശ്രമിക്കുന്ന ഒട്ടേറെ സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

തന്റെ യൂട്യൂബ് ഷോയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി മരണങ്ങളെയും തീവ്രവാദി ആക്രമണത്തെയും വോട്ടുകള്‍ ആക്കാന്‍ ശ്രമിക്കുന്നു എന്ന ഒരു പരാമര്‍ശത്തിന്റെ പേരിലാണ് ഹിമാചല്‍ പ്രദേശിലെ ഒരു ബി.ജെ.പി. പ്രവര്‍ത്തകന്‍ നല്‍കിയ ഒരു പരാതിയുടെ പേരില്‍ രാജ്യദ്രോഹ കുറ്റം ചുമത്തി കേസ് എടുത്തത്.

വി ഡി സതീശന്‍റെ ഫേസ്ബുക് പോസ്റ്റ്:

പ്രധാനമന്ത്രിയെ വിമര്‍ശിച്ചതിന്റെ പേരില്‍ മുതിര്‍ന്ന പത്രപ്രവര്‍ത്തകന്‍ വിനോദ് ദുവക്കെതിരെ ഹിമാചല്‍ പ്രദേശ് പോലിസ് രജിസ്റ്റര്‍ ചെയ്ത എഫ് ഐ ആര്‍ റദ്ദു ചെയ്ത സുപ്രീം കോടതി വിധി ഏറെ സന്തോഷം നല്‍കുന്നു. അധികാര കേന്ദ്രങ്ങളെ ചോദ്യം ചെയ്യുക, ഭരണാധികാരികളെ വിമര്‍ശിക്കുക എന്നത് മാധ്യമ ധര്‍മ്മമാണ്. എന്നാല്‍ നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ കേന്ദ്രത്തില്‍ ഭരണം പിടിച്ചതിനു ശേഷം പത്രമാധ്യമങ്ങള്‍ സ്വാധീനിച്ചും, സ്വാധീനത്തില്‍ വഴിപ്പെടാത്തവരെ ഭീഷണി കൊണ്ടും പ്രതികാര നടപടി കൊണ്ടും വരുതിയിലാക്കാന്‍ ശ്രമിക്കുന്ന ഒട്ടേറെ സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. തന്റെ യൂട്യൂബ് ഷോയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി മരണങ്ങളെയും തീവ്രവാദി ആക്രമണത്തെയും വോട്ടുകള്‍ ആക്കാന്‍ ശ്രമിക്കുന്നു എന്ന ഒരു പരാമര്‍ശത്തിന്റെ പേരിലാണ് ഹിമാചല്‍ പ്രദേശിലെ ഒരു ബി.ജെ.പി. പ്രവര്‍ത്തകന്‍ നല്‍കിയ ഒരു പരാതിയുടെ പേരില്‍ രാജ്യദ്രോഹ കുറ്റം ചുമത്തി കേസ് എടുത്തത്. ഇന്ന് ആ കേസ് റദ്ദ് ചെയ്ത സുപ്രീം കോടതി നടപടി സ്വാഗതാര്‍ഹമാണ്. ഇത് ഒറ്റപ്പെട്ട സംഭവമല്ല. ഉത്തര്‍ പ്രദേശ് ഉള്‍പ്പടെ കോവിഡ് മഹാമാരിയിലെ സര്‍ക്കാരിന്റെ വീഴ്ചകളെ ചൂണ്ടിക്കാണിക്കുന്നവരെ പോലും പ്രതികാര മനോഭാവത്തോടെയാണ് ബി.ജെ.പി. സര്‍ക്കാരുകള്‍ നേരിടുന്നത്. കഴിഞ്ഞ വര്‍ഷം മാത്രം 67 കേസുകളാണ് മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ അവരുടെ ജോലി ചെയ്തതിന്റെ പേരില്‍ ചാര്‍ത്തിയത്. ഇതില്‍ സിംഹഭാഗവും ബി.ജെ.പി. ഭരിക്കുന്ന സംസ്ഥാനങ്ങളിലാണ്.
ഈ വിധിയുടെ സന്ദേശം ഉള്‍ക്കൊണ്ടു അസഹിഷ്ണുതയുടെ രാഷ്ട്രീയം ഉപേക്ഷിച്ച്‌ ബി.ജെ.പി. യുടെ ഭരണകൂടങ്ങള്‍ ജനാധിപത്യ രീതിയില്‍ മാധ്യമങ്ങള്‍ക്കു പ്രവര്‍ത്തിക്കുവാനുള്ള ഇടം നല്‍കണം.