തിരുവനന്തപുരം : കോവിഡ് അണ്‍ലോക്ക് നാലാം ഘട്ടത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറപ്പെടുവിച്ച മാര്‍ഗനിര്‍ദ്ദേശങ്ങളെല്ലാം കേരളത്തിലും ബാധകമായിരിക്കും എന്ന് ചീഫ് സെക്രട്ടറി വിശ്വാസ് മേത്ത.

കണ്ടെയ്ന്‍മെന്റ് സോണുകളില്‍ പ്രഖ്യാപിത ലോക്ഡൗണ്‍ തുടരുകയും മറ്റു സ്ഥലങ്ങളില്‍ ഘട്ടങ്ങളായി ഇളവുകള്‍ നടപ്പാക്കുകയും ചെയ്യും.കേന്ദ്രമന്ത്രാലയത്തിന്റെ നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കപ്പെടുന്നുണ്ടെന്ന് എല്ലാ കളക്ടര്‍മാരും ജില്ലാ പോലീസ് മേധാവികളും ഉറപ്പു വരുത്തണമെന്നും ചീഫ് സെക്രട്ടറി ആവശ്യപ്പെട്ടു.കണ്ടെയ്ന്‍മെന്റ് സോണുകള്‍ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി നോട്ടിഫൈ ചെയ്യുന്ന രീതി തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.ഇത്തരം മേഖലകളില്‍ അധികം നിയന്ത്രണങ്ങള്‍ ആവശ്യമാണെങ്കില്‍ നടപ്പിലാക്കാനുള്ള അധികാരം ജില്ലാ കലക്ടര്‍മാര്‍ക്ക് നല്‍കിയിട്ടുണ്ടെന്നും സെക്രട്ടറി കൂട്ടിച്ചേര്‍ത്തു.