കൊച്ചി:അങ്കമാലിയില്‍ അച്ഛന് കൊലപ്പെടുത്താന്‍ ശ്രമിച്ച നവജാത ശിശുവിന്റെ ആരോഗ്യ നിലയില്‍ പുരോഗതിയുള്ളതായി ഡോക്ടര്‍മാര്‍. ഇനിയുള്ള 8 മണിക്കൂര്‍ നിര്‍ണ്ണായകമാണ്. തലയിലെ രക്തസ്രാവം ഒഴിവാക്കാന്‍ സങ്കീര്‍ണമായ ശസ്ത്രക്രിയയ്ക്കു വിധേയയായ പെണ്‍കുഞ്ഞ് കണ്ണ് തുറക്കുകയും കൈകാലുകള്‍ ചലിപ്പിക്കുകയും കരയുകയും മുലപ്പാല്‍ കുടിക്കുകയും ചെയ്തതായി കോലഞ്ചേരി മെഡിക്കല്‍ കോളജ് അധികൃതര്‍ അറിയിച്ചു. ന്യൂറോ ഐസിയുവില്‍ കഴിയുന്ന, 54 ദിവസം മാത്രം പ്രായമായ കുഞ്ഞ് മരുന്നുകളോട് പ്രതികരിക്കുന്നുണ്ട്. പനിയില്ലാത്തതും പ്രതീക്ഷയ്ക്കു വക നല്കുന്നു.
തിങ്കളാഴ്ചയായിരുന്നു ശസ്ത്രക്രിയ. ജനിച്ചതു പെണ്കുഞ്ഞായതിനാലും കുഞ്ഞിന്റെ പിതൃത്വത്തെക്കുറിച്ചുള്ള സംശയം കാരണവും പിതാവ് കുഞ്ഞിനെ ആക്രമിക്കുകയായിരുന്നു. കഴിഞ്ഞ 18നു പുലര്‍ച്ചെ നടന്ന സംഭവത്തില്‍ അറസ്റ്റിലായ, അങ്കമാലി ജോസ്പുരം ഭാഗത്തു വാടകയ്ക്കു താമസിക്കുന്ന കണ്ണൂര്‍ സ്വദേശി ഷൈജു തോമസ് (40) റിമാന്‍ഡിലാണ്.