ആലപ്പുഴ : ഗല്‍വാന്‍ താഴ്​വരയില്‍ ചൈന നടത്തിയ ആക്രമണത്തില്‍ പരുക്കേറ്റ സൈനികന്‍, മാവേലിക്കര സ്വദേശി വിഷ്ണു നായര്‍ നാട്ടിലേക്കു മടങ്ങുന്നത് വൈകും. പരുക്കുകള്‍ ഭേദമായി എത്രയും പെട്ടെന്ന് വിഷ്ണു തിരികെ എത്തുമെന്ന പ്രതീക്ഷയിലാണ് ഭാര്യ പ്രീതയും (മായ) മക്കളായ വേദികയും ഒന്നര വയസ്സുകാരന്‍ മാധവും.

ഹവില്‍ദാര്‍ വിഷ്ണുവിനും ആക്രമണത്തില്‍ ഗുരുതരമായി പരുക്ക് പറ്റിയിരുന്നെന്ന് തിങ്കളാഴ്ചയാണ് വീട്ടില്‍ അറിയിപ്പ് ലഭിക്കുന്നത്. അദ്ദേഹം അപകടനില തരണം ചെയ്തുവെന്നും സന്ദേശത്തിലുണ്ടായിരുന്നു.

വിഷ്ണുവുമായി ഒന്ന് സംസാരിക്കാന്‍ പോലും വീട്ടുകാര്‍ക്ക് കഴിയുന്നില്ല. ഫോണോ മറ്റ് സൗകര്യങ്ങളോ വിഷ്ണു കഴിയുന്നിടത്തില്ല. ഇന്നലെ വിഷ്ണുവിന്റെ ഫോണ്‍ എത്തി. തന്നെ ചികിത്സാ കേന്ദ്രത്തിലേക്ക് മാറ്റിയെന്നും സുരക്ഷിതനാണെന്നും 34കാരനായ വിഷ്ണു പറഞ്ഞു. അക്രമികള്‍ ക്രൂരമായി ഉപദ്രവിച്ചു എന്നും ദേഹം മുഴുവന്‍ നീരാണെന്നും കൈ ഒടിഞ്ഞെന്നും വിഷ്ണു പറഞ്ഞു. ഇപ്പോള്‍ ചികിത്സ കേന്ദ്രത്തിലാണ് വിഷ്ണു. പരുക്കുകള്‍ ഭേദമായി വിഷ്ണു നാട്ടിലേക്ക് മടങ്ങി എത്തുമെന്നാണ് പ്രതീക്ഷയെന്ന് പ്രീത പറയുന്നു.

പതിനാറ് വര്‍ഷങ്ങള്‍ക്ക് മുമ്ബാണ് വിഷ്ണു സൈന്യത്തില്‍ ചേരുന്നത്. മാവേലിക്കര ചെട്ടികുളങ്ങര നടയ്ക്കാവ് കാരുവേലില്‍ കിഴക്കതില്‍ പരേതനായ മാധവന്‍ നായരുടെയും ഇന്ദിരാമ്മയുടെയും മകനാണ് ഈ മുപ്പത്തിനാലുകാരന്‍.

ബിഹാറില്‍ നിന്നു വിഷ്ണുവിന് സിയാച്ചിനിലേക്ക് മാറ്റം കിട്ടിയിട്ട് ഏഴു മാസമാകുന്നതേയുള്ളൂ. രണ്ടര വര്‍ഷത്തോളം പ്രീതയും കുഞ്ഞുങ്ങളും ബിഹാറില്‍ വിഷ്ണുവിന്റെ കൂടെയുണ്ടായിരുന്നു. മൂത്ത മകള്‍ വേദിക വേലഞ്ചിറ ജനശക്തി പബ്ലിക് സ്കൂളില്‍ യുകെജി വിദ്യാര്‍ഥിയാണ്.