ഇന്ത്യൻ ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും കരുത്തുറ്റ തിരിച്ചുവരവുകളിലൊന്നാണ് മുൻ താരം യുവരാജ് സിംഗിന്റേത്. 2011-ലെ ഏകദിന ലോകകപ്പിൽ ഇന്ത്യയെ കിരീടത്തിലേക്ക് നയിക്കുന്നതിൽ നിർണ്ണായക പങ്കുവഹിച്ച യുവി, അന്ന് കളിക്കളത്തിൽ നേരിട്ട ശാരീരിക ബുദ്ധിമുട്ടുകളെക്കുറിച്ചും പിന്നീട് അറിഞ്ഞ മാരക രോഗത്തെക്കുറിച്ചും വെളിപ്പെടുത്തിയിരിക്കുകയാണ്. കാൻസർ ബാധിതനാണെന്ന് തിരിച്ചറിഞ്ഞ നിമിഷം ഡോക്ടർ തന്നോട് പറഞ്ഞ വാക്കുകൾ ഒരു ഞെട്ടലോടെയാണ് യുവി പങ്കുവെച്ചത്.
മൈക്കൽ വോഗനുമായി ‘ദ ഓവർലാപ്പ്’ എന്ന പോഡ്കാസ്റ്റിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോകകപ്പ് മത്സരങ്ങൾക്കിടയിൽ കടുത്ത ക്ഷീണവും ശ്വാസംമുട്ടലും അനുഭവിച്ചിട്ടും രാജ്യത്തിന് വേണ്ടിയുള്ള കളി തുടരുകയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഒരു സ്പോർട്സ്മാൻ എന്ന നിലയിൽ അസുഖങ്ങളെ അവഗണിക്കാൻ താൻ നിർബന്ധിതനായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.



