കോട്ടയം: മെഡിക്കൽ കോളജ് കെട്ടിടം തകർന്നതിനു പിന്നാലെ മന്ത്രി വീണാ ജോർജിനെതിരെ ഫെയ്സ്ബുക്കിൽ പോസ്റ്റിട്ടവർ‌ക്കെതിരെ നടപടിക്കൊരുങ്ങി സിപിഎം. പാർട്ടി ലോക്കൽ കമ്മിറ്റി അംഗത്തിന്റെയും ഏരിയ കമ്മിറ്റി അംഗത്തിന്റെയും നടപടി പരിശോധിക്കുമെന്നാണ് ജില്ലാ കമ്മിറ്റിയുടെ വിശദീകരണം.

മന്ത്രി പോയിട്ട് എംഎല്‍എ ആയി ഇരിക്കാന്‍ പോലും അര്‍ഹതയില്ലെന്നും, കൂടുതല്‍ പറയുന്നില്ല, പറയിപ്പിക്കരുതെന്നുമായിരുന്നു പത്തനംതിട്ട ഇലന്തൂര്‍ ലോക്കല്‍ കമ്മിറ്റി അംഗം ജോണ്‍സണ്‍ പി.ജെയുടെ ഫെയ്സ്ബുക് കുറിപ്പ്. എസ്എഫ്ഐയുടെ മുൻ ജില്ലാ പ്രസിഡന്‍റ് കൂടിയാണ് ജോണ്‍സണ്‍.

പത്തനംതിട്ട സിഡബ്ല്യുസി മുൻ ചെയർമാൻ എൻ.രാജീവും ആരോഗ്യമന്ത്രിയെ പരിഹസിച്ച് ഫെയ്സ്ബുക്കിൽ കുറിപ്പിട്ടു. ‘‘പണ്ട് സ്കൂളിൽ പഠിക്കുമ്പോൾ ക്ലാസ് പരീക്ഷാ ദിവസം വയറുവേദന എന്ന കളവു പറഞ്ഞു വീട്ടിൽ ഇരിക്കുമായിരുന്നു, ഒത്താൽ രക്ഷപ്പെട്ടു. ഇവിടെ ചോദ്യത്തിൽനിന്ന് എന്ന വ്യത്യാസം മാത്രം’’ – എന്നായിരുന്നു രാജീവിന്റെ പരിഹാസം. മന്ത്രി വീണാ ജോർജ് ആശുപത്രിയിൽ ചികിത്സ തേടിയതിനെയാണ് സിപിഎം ഇരവിപേരൂർ ഏരിയ കമ്മിറ്റി അംഗം പരിഹസിച്ചത്.