ഓക്​ലഹോമ: നാല് വയസ്സുകാരിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം മുങ്ങിമരണമാണെന്ന് വരുത്തിത്തീർക്കാൻ ശ്രമിച്ച ഇന്ത്യൻ വംശജയായ വനിതാ ഡോക്ടർ യുഎസിൽ അറസ്റ്റിൽ. ഓക്​ലഹോമ നിവാസിയും പീഡിയാട്രീഷ്യനുമായ 36 കാരി നേഹ ഗുപ്തയാണ് മകൾ ആര്യ തലാത്തിയെ (4) കൊലപ്പെടുത്തിയ കേസിൽ പിടിയിലായത്.

ജൂൺ 27-നാണ് സംഭവം. മകളുമായി ഓക്​ലഹോമയിൽ നിന്ന് ഫ്ളോറിഡയിലെത്തിയ നേഹ ഗുപ്ത, മിയാമിയിലെ എൽ പോർട്ടലിൽ ഒരു വാടക വീടെടുത്ത് താമസിച്ചിരുന്നു. ഇവിടെവെച്ചാണ് കൊലപാതകം നടന്നതും കുട്ടിയുടെ മൃതദേഹം കണ്ടെത്തിയതും. മകൾ താമസസ്ഥലത്തെ നീന്തൽക്കുളത്തിൽ മുങ്ങിപ്പോയെന്നും സഹായം വേണമെന്നും ആവശ്യപ്പെട്ടാണ് നേഹ തന്നെയാണ് പൊലീസിന് ഫോൺ ചെയ്തത്. വിവരമറിഞ്ഞെത്തിയ പൊലീസ് സംഘം നീന്തൽക്കുളത്തിൽ നിന്ന് കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

രാത്രിയിൽ കുട്ടി കിടക്കയിൽ നിന്ന് എഴുന്നേറ്റ് പുറത്തിറങ്ങി നടക്കുന്നതിനിടെ കാൽ വഴുതി നീന്തൽക്കുളത്തിലേക്ക് വീഴുകയായിരുന്നുവെന്നാണ് നേഹ പൊലീസിനെ അറിയിച്ചത്. എന്നാൽ, പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ കുട്ടിയുടെ ശ്വാസകോശത്തിലോ വയറ്റിലോ വെള്ളം കണ്ടെത്തിയില്ല. അതേസമയം, വായ്ക്കുള്ളിലും കവിളിലും ചതവുകൾ ഉള്ളതായും കണ്ടെത്തി. ഈ തെളിവുകളാണ് നേഹയെ കുടുക്കിയത്.

മകളുടെ സംരക്ഷണത്തെച്ചൊല്ലി നേഹയും മുൻ ഭർത്താവും തമ്മിൽ തർക്കങ്ങൾ നിലനിന്നിരുന്നതായി പൊലീസ് വ്യക്തമാക്കി. നേഹ മകളുമായി ഫ്ളോറിഡയിലെത്തിയതോ വാടകയ്ക്ക് വീട് എടുത്തതോ മുൻ ഭർത്താവ് അറിഞ്ഞിരുന്നില്ലെന്നും അന്വേഷണത്തിൽ കണ്ടെത്തി.