63-ാമത് ലോക ദൈവവിളി പ്രാർഥനാ ദിനത്തോടനുബന്ധിച്ച് സന്ദേശം പുറത്തിറക്കി ലെയോ പതിനാലാമൻ മാർപാപ്പ. ‘പ്രത്യാശയുടെ തീർഥാടകരും സമാധാനത്തിന്റെ ശിൽപികളും’ എന്ന പ്രമേയത്തിലാണ് ഇത്തവണത്തെ സന്ദേശം നൽകിയിരിക്കുന്നത്. ദൈവവിളി എന്നത് കേവലം ഒരു പദവിയല്ലെന്നും മറിച്ച് ലോകത്തിന് പ്രത്യാശ പകരാനുള്ള നിയോഗമാണെന്നും മാർപാപ്പ ഓർമ്മിപ്പിച്ചു. ഏപ്രിൽ 26 ഞായറാഴ്ചയാണ് ഈ വർഷത്തെ ലോക ദൈവവിളി പ്രാർഥനാദിനമായി ആചരിക്കുന്നത്.
യുദ്ധവും അശാന്തിയും നിറഞ്ഞ ലോകത്ത് ക്രിസ്തുവിന്റെ സമാധാനം എത്തിക്കാൻ ഓരോ വിശ്വാസിക്കും കടമയുണ്ടെന്ന് മാർപാപ്പ പറഞ്ഞു. പുരോഹിതരും സന്യാസികളും മാത്രമല്ല, എല്ലാ അൽമായരും തങ്ങളുടെ ജീവിതസാഹചര്യങ്ങളിൽ ദൈവവിളിക്ക് ഉത്തരം നൽകാൻ ബാധ്യസ്ഥരാണെന്ന് പാപ്പ ചൂണ്ടിക്കാട്ടി. ജീവിതത്തിലെ വലിയ തീരുമാനങ്ങൾ എടുക്കാൻ ഭയപ്പെടരുതെന്ന് മാർപാപ്പ യുവാക്കളോട് ആഹ്വാനം ചെയ്തു. ദൈവത്തിന്റെ വിളിക്ക് ‘അതെ’ എന്ന് പറയുന്നത് സാഹസികവും എന്നാൽ, അങ്ങേയറ്റം സന്തോഷകരമായ അനുഭവവുമാണെന്ന് പാപ്പ സന്ദേശത്തിൽ വ്യക്തമാക്കി.
സഭ ഒരു അടഞ്ഞ സമൂഹമല്ലെന്നും മറിച്ച് എല്ലാവരെയും ഉൾക്കൊള്ളുന്ന തുറന്ന ഇടമാണെന്നും മാർപാപ്പ പറഞ്ഞു. പാർശ്വവൽക്കരിക്കപ്പെട്ടവർക്കും വേദനിക്കുന്നവർക്കും തുണയാകുന്നതാണ് യഥാർഥ ശുശ്രൂഷയെന്ന് പാപ്പ ഓർമ്മിപ്പിച്ചു. പുതിയ ദൈവവിളികൾക്കായി കുടുംബങ്ങളിലും ഇടവകകളിലും നിരന്തരം പ്രാർഥിക്കണമെന്ന് മാർപാപ്പ വിശ്വാസികളോട് അഭ്യർഥിച്ചു. നല്ല ഇടയന്മാരെയും ശുശ്രൂഷകരെയും വാർത്തെടുക്കുന്നതിൽ കുടുംബങ്ങൾക്കുള്ള പങ്ക് നിർണ്ണായകമാണെന്നും പാപ്പ കൂട്ടിച്ചേർത്തു.
ഈ വർഷത്തെ ലോക ദൈവവിളി ദിനം സഭയിൽ വലിയ ആത്മീയ ഉണർവിന് കാരണമാകുമെന്ന് വത്തിക്കാൻ പ്രത്യാശ പ്രകടിപ്പിച്ചു. മാർപാപ്പയുടെ സന്ദേശം ലോകമെമ്പാടുമുള്ള വിവിധ ഭാഷകളിലേക്ക് വിവർത്തനം ചെയ്ത് വിതരണം ചെയ്തിട്ടുണ്ട്.



