വാഷിങ്ടൺ: യുഎസിലെ 75 ദശലക്ഷം വരുന്ന സോഷ്യൽ സെക്യൂരിറ്റി ഗുണഭോക്താക്കൾക്ക് അടുത്ത ആശ്വാസവാർത്ത. 2026ൽ നിങ്ങളുടെ സോഷ്യൽ സെക്യൂരിറ്റി ആനുകൂല്യം 2.8 ശതമാനം വർധിക്കും. കുറഞ്ഞ വരുമാനമുള്ളവർക്കുള്ള സപ്ലിമെന്റൽ സെക്യൂരിറ്റി ഇൻകവും 2.8 ശതമാനം വർധിക്കും. സോഷ്യൽ സെക്യൂരിറ്റി അഡ്മിനിസ്ട്രേഷൻ അടുത്ത വർഷത്തെ കോസ്റ്റ് ഓഫ് ലിവിങ് അഡ്ജസ്റ്റ്‌മെന്റ് (COLA) പ്രഖ്യാപിച്ചതോടെയാണ് ഇക്കാര്യത്തിൽ സ്ഥിരീകരണം ഉണ്ടായത്.

2026ലെ കോസ്റ്റ് ഓഫ് ലിവിങ് അഡ്ജസ്റ്റ്‌മെന്റ് 2.8 ശതമാനമാണെന്നാണ് സോഷ്യൽ സെക്യൂരിറ്റി അഡ്മിനിസ്ട്രേഷൻ്റെ പ്രഖ്യാപനം. ഇതോടെ 2026 ജനുവരി മുതൽ വിരമിച്ചവർ, അംഗപരിമിതർ, മരണപ്പെട്ടവരുടെ ആശ്രിതർ എന്നിവർക്കുള്ള പ്രതിമാസ ആനൂകൂല്യത്തിൽ 56 ഡോളർ വർധിക്കും. ശരാശരി പ്രതിമാസ വിരമിക്കൽ പെൻഷൻ 2,015 ഡോളറിൽനിന്ന് ഏകദേശം 2,071 ഡോളറായി ഉയരും. വ്യക്തികൾക്ക് പ്രതിമാസം 994 ഡോളറും ദമ്പതികൾക്ക് 1,491 ഡോളറും ലഭിക്കും. യുഎസിൽ ജീവിതച്ചെലവ് വർധിക്കുന്ന ഈ കാലഘട്ടത്തിൽ സോഷ്യൽ സെക്യൂരിറ്റി പേയ്മെൻ്റിലെ വർധനവ് ഗുണഭോക്താക്കൾക്ക് ആശ്വാസമാകും.

കഴിഞ്ഞ ഒരു ദശകത്തിലെ ശരാശരി കോസ്റ്റ് ഓഫ് ലിവിങ് അഡ്ജസ്റ്റ്മെൻ്റ് 3.1 ശതമാനമാണ്. 2025ൽ ഇത് 2.5 ശതമാനമായിരുന്നു. അടുത്ത വർഷത്തെ സോഷ്യൽ സെക്യൂരിറ്റി നികുതിക്ക് വിധേയമായ വരുമാന പരമാവധി 1,76,100 ഡോളറിൽനിന്ന് 1,84,500 ഡോളറായി ഉയരുമെന്ന് സോഷ്യൽ സെക്യൂരിറ്റി അഡ്മിനിസ്ട്രേഷൻ അറിയിച്ചു. സോഷ്യൽ സെക്യൂരിറ്റി ഗുണഭോക്താക്കൾക്ക് അവരുടെ പുതിയ ആനുകൂല്യത്തെക്കുറിച്ച് ഡിസംബർ ആദ്യവാരം മുതൽ മെയിൽ വഴി അറിയിപ്പ് ലഭിച്ചു തുടങ്ങും. വ്യക്തിഗത സോഷ്യൽ സെക്യൂരിറ്റി അക്കൗണ്ടുള്ളവർക്ക് അവരുടെ കോസ്റ്റ് ഓഫ് ലിവിങ് അഡ്ജസ്റ്റ്മെൻ്റ് അറിയിപ്പ് ഓൺലൈനായി കാണാൻ കഴിയും.


നിങ്ങളുടെ കോസ്റ്റ് ഓഫ് ലിവിങ് അഡ്ജസ്റ്റ്മെൻ്റ് അറിയിപ്പ് ഓൺലൈനായി കാണുന്നതിന് നവംബർ 19നകം മൈ സോഷ്യൽ സെക്യൂരിറ്റി അക്കൗണ്ട് ഉണ്ടായിരിക്കണം. www.ssa.gov/myaccount എന്ന വെബ്സൈറ്റിൽ സന്ദർശിച്ച് അക്കൗണ്ട് ആരംഭിക്കാം. സോഷ്യൽ സെക്യൂരിറ്റി അക്കൗണ്ട് ഇല്ലാത്തവർക്ക് ഡിസംബറിൽ മെയിൽ വഴി കോസ്റ്റ് ഓഫ് ലിവിങ് അഡ്ജസ്റ്റ്മെൻ്റ് അറിയിപ്പ് ലഭിക്കും. സോഷ്യൽ സെക്യൂരിറ്റി നിയമപ്രകാരം, തൊഴിൽ വകുപ്പിന്റെ ബ്യൂറോ ഓഫ് ലേബർ സ്റ്റാറ്റിസ്റ്റിക്സ് നിർണയിക്കുന്ന കൺസ്യൂമർ പ്രൈസ് ഇൻഡെക്സ് ഫോർ അർബൻ വേജ് ഏണേഴ്സ് ആൻഡ് ക്ലറിക്കൽ വർക്കേഴ്സ് മാറ്റങ്ങൾ അനുസരിച്ചാണ് ഒരു വ‍ർഷത്തെ കോസ്റ്റ് ഓഫ് ലിവിങ് അഡ്ജസ്റ്റ്മെൻ്റ് കണക്കാക്കുന്നത്.

അമേരിക്കയിലെ ഏറ്റവും വലിയ ഫെഡറൽ പദ്ധതിയായ സോഷ്യൽ സെക്യൂരിറ്റി ലക്ഷക്കണക്കിന് അമേരിക്കക്കാരെ, പ്രത്യേകിച്ച് പ്രായമായവരെ ദാരിദ്ര്യത്തിൽനിന്ന് കരകയറ്റുന്നു. 1935ൽ പ്രസിഡന്റ് ഫ്രാങ്ക്ളിൻ ഡി റൂസ്‌വെൽറ്റ് ആരംഭിച്ച ഈ പദ്ധതി, അമേരിക്കൻ പൗരന്മാരുടെ സാമ്പത്തിക ഭദ്രത ഉറപ്പാക്കുന്നു. സോഷ്യൽ സെക്യൂരിറ്റി ആനുകൂല്യങ്ങൾ പ്രധാനമായും വിരമിച്ചവർക്കും അംഗപരിമിതർക്കും മരിച്ചവരുടെ കുടുംബങ്ങൾക്കുമാണ് വിതരണം ചെയ്യുന്നത്. സോഷ്യൽ സെക്യൂരിറ്റി ടാക്സ് അടച്ചവരാണ് ഇതിൻ്റെ ഗുണഭോക്താക്കൾ. 62 വയസ്സിനു ശേഷം വിരമിക്കൽ ആനുകൂല്യങ്ങൾ ലഭിച്ചു തുടങ്ങും. വരുമാനം കുറഞ്ഞവർക്കും പരിമിതമായ സ്വത്തുക്കളുള്ളവർക്കും വേണ്ടിയുള്ള ഫെഡറൽ പദ്ധതിയാണ് സപ്ലിമെന്റൽ സെക്യൂരിറ്റി ഇൻകം. 65 വയസ്സിന് മുകളിലുള്ളവർക്കും അന്ധതയോ അംഗപരിമിതിയോ ഉള്ള മുതിർന്നവർക്കും കുട്ടികൾക്കും സപ്ലിമെന്റൽ സെക്യൂരിറ്റി ഇൻകം ലഭിക്കുന്നു.

അതേസമയം എഎആ‍ർപി സർവേ പ്രകാരം, ദൈനംദിന ചെലവുകളുമായി ഒത്തുപോകാൻ ഏകദേശം അഞ്ച് ശതമാനം കോസ്റ്റ് ഓഫ് ലിവിങ് അഡ്ജസ്റ്റ്മെൻ്റ് ആവശ്യമാണെന്ന് പല മുതിർന്ന പൗരന്മാരും കരുതുന്നുവെന്ന് സിബിഎസ് ന്യൂസ് റിപ്പോ‍ർട്ട് ചെയ്തു. അമേരിക്കയിലെ മുതിർന്ന പൗരന്മാർക്കിടയിൽ ദാരിദ്ര്യം വർധിച്ചുവരികയാണെന്നാണ് റിപ്പോ‍‌ർട്ട്. സെൻസസ് ഡാറ്റ അനുസരിച്ച്, മുതിർന്ന പൗരന്മാരുടെ ദാരിദ്ര്യ നിരക്ക് കഴിഞ്ഞ വർഷം 15 ശതമാനമായി ഉയർന്നു. ഇത് 2023ൽ 14 ശതമാനമായിരുന്നു. വർധിച്ചുവരുന്ന ഭവന, യൂട്ടിലിറ്റി ചെലവുകളാണ് മുതിർന്നവരെ ബുദ്ധിമുട്ടിക്കുന്നത്.