നവി മുംബൈ: ട്വന്റി 20 ലോകകപ്പിന് മുന്നോടിയായുള്ള സന്നാഹമത്സരത്തില്‍ ഇന്ത്യ ഇന്ന് ദക്ഷിണാഫ്രിക്കയെ നേരിടും. മുംബൈ ഡി വൈ പാട്ടീല്‍ സ്റ്റേഡിയത്തില്‍ വൈകിട്ട് ഏഴിനാണ് കളി തുടങ്ങുക. നാല് ദിവസത്തിനപ്പുറം ട്വന്റി 20 ലോകകപ്പ് കിരീടം നിലനിര്‍ത്താനുള്ള ഇന്ത്യയുടെ പോരാട്ടങ്ങള്‍ക്ക് തുടക്കമാവുകയാണ്. ന്യൂസിലന്‍ഡിനെതിരെ പരമ്പര നേടിയ ആത്മവിശ്വാസത്തില്‍ സൂര്യകുമാര്‍ യാദവും സംഘവും അവസാനവട്ട ഒരുക്കത്തിനിറങ്ങുമ്പോള്‍ എല്ലാവരും ഉറ്റുനോക്കുന്നത് അഭിഷേക് ശര്‍മ്മയുടെ ഓപ്പണിംഗ് പങ്കാളി ആരെന്നറിയാന്‍.

കിവീസിനെതിരെ പാടേനിറംമങ്ങിയ സഞ്ജു സാംസണോ, അതോ തിലക് വര്‍മയ്ക്ക് പരിക്കേറ്റപ്പോള്‍ കിട്ടിയ അവസരം പരമാവധി പ്രയോജനപ്പെടുത്തിയ ഇഷാന്‍ കിഷനോ. തിലക് വര്‍മ പരിക്കുമാറി തിരിച്ചെത്തുമ്പോള്‍ ഒരാള്‍ പുറത്തിരിക്കേണ്ടിവരും. കിവീസിനെതിരായ അഞ്ചുകളിയില്‍ സഞ്ജു നേടിയത് വെറും 46 റണ്‍സ് മാത്രം. നാല് കളിയില്‍ ബാറ്റ് ചെയ്ത ഇഷാന്‍ കിഷന്‍ കാര്യവട്ടത്തെ സെഞ്ച്വറിയും റായ്പൂരിലെ അര്‍ധസെഞ്ച്വറിയും ഉള്‍പ്പടെ 215 റണ്‍സും. ഇടംകൈയന്‍മാര്‍ നിറഞ്ഞ ബാറ്റിംഗ് നിരയില്‍ വലംകൈയനാണ് എന്നത് മാത്രമാണിപ്പോള്‍ സഞ്ജുവിനും ആരാധകര്‍ക്കും പ്രതീക്ഷനല്‍കുന്ന കാര്യം.

ബൗളിംഗ് നിരയില്‍ അടക്കം ടീമില്‍ മറ്റ് പരീക്ഷണങ്ങള്‍ക്ക് സാധ്യതയില്ല. എയ്ഡന്‍ മാര്‍ക്രം നയിക്കുന്ന ദക്ഷിണാഫ്രിക്കന്‍ നിര ഇന്ത്യക്ക് ശക്തമായ വെല്ലുവിളി ഉയര്‍ത്താന്‍ ശേഷിയുള്ള സംഘം. ഡെവാള്‍ഡ് ബ്രേവിസ്, ക്വിന്റണ്‍ ഡി കോക്ക്, മാര്‍ക്കോ യാന്‍സന്‍, കേശവ് മഹാരാജ്, ഡേവിഡ് മില്ലര്‍, ലുംഗി എന്‍ഗിഡി, കാഗിസോ റബാഡ, ആന്റിച് നോര്‍കിയ, ട്രിസ്റ്റന്‍ സ്റ്റബ്‌സ് എന്നിവര്‍ ഉള്‍പ്പെട്ടതാണ് ദക്ഷിണാഫ്രിക്കന്‍ നിര. ഫെബ്രുവരി ഏഴിന് അമേരിക്കയ്ക്ക് എതിരെയാണ് ലോകകപ്പില്‍ ഇന്ത്യയുടെ ആദ്യ മത്സരം.