2026 സെപ്റ്റംബർ 25 മുതൽ 27 വരെ റോമിൽ കുട്ടികൾക്കു വേണ്ടിയുള്ള രണ്ടാമത് ആഗോളസമ്മേളനം നടക്കുമെന്ന് ജനറൽ ഓഡിയൻസിൽ ലെയോ പതിനാലാമൻ മാർപാപ്പ പ്രഖ്യാപിച്ചു. ചടങ്ങിൽ, പരിപാടിയുടെ ഔദ്യോഗിക ലോഗോ പതിപ്പിച്ച പതാക പാപ്പ ആശീർവദിച്ച് ഒപ്പുവച്ചു. ഗാസയിൽ നിന്നുള്ള എഴുവയസ്സുകാരനായ മജ്‌ദ് ബെർണാർഡ് പാപ്പയ്ക്ക് പതാക സമർപ്പിച്ചു.
ലോകമെമ്പാടുമുള്ള കുട്ടികളും അവരുടെ കുടുംബങ്ങളും ഒരുമിച്ച് പ്രാർഥനയും ആഘോഷവും പങ്കിടുന്ന അവസരമായിരിക്കും ഈ ദിനങ്ങളെന്ന് സംഘാടകസമിതി അറിയിച്ചു. “കുട്ടികൾ സമാധാനത്തിന്റെ സൗന്ദര്യം ആദ്യം കുടുംബത്തിൽത്തന്നെ അനുഭവിക്കണം” എന്ന് കർദിനാൾ കെവിൻ ഫാരൽ അഭിപ്രായപ്പെട്ടു. 2024 ലെ, കുട്ടികൾക്കു വേണ്ടിയുള്ള ആദ്യത്തെ ആഗോളദിനത്തിൽ 101 രാജ്യങ്ങളിൽ നിന്നായി ഏകദേശം ഒരുലക്ഷത്തോളം കുട്ടികളാണ് പങ്കെടുത്തത്.



