ലക്നോ: യുപിയിലെ ബൈരിയയിൽ യുവതിയെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യയാണെന്ന് വരുത്തിത്തീർക്കാൻ മൃതദേഹം കെട്ടിത്തൂക്കി. സോൻബർസ സ്വദേശി മാർക്കണ്ഡേ സിംഗിന്‍റെ ഭാര്യ സോനം സിംഗ് (32) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ മാർക്കണ്ഡേയ്ക്കും കുടുംബത്തിനുമെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.
ബുധനാഴ്ച സോനമിനോട് മാർക്കണ്ഡേയും കുടുംബവും 20 ലക്ഷം രൂപ സ്ത്രീധനമായി ആവശ്യപ്പെടുകയും തുടർന്ന് കൊലപ്പെടുത്തുകയുമായിരുന്നുവെന്ന് സോനമിന്‍റെ മാതാവ് മഞ്ജു ദേവി പോലീസിനോട് പറഞ്ഞു. കൊലപാതകം ആത്മഹത്യയാണെന്ന് വരുത്തിത്തീർക്കാൻ മൃതദേഹം കെട്ടിത്തൂക്കുകയും ചെയ്തു.
മഞ്ജു നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ മാർക്കണ്ഡേ, ഇയാളുടെ പിതാവ് അനിൽ സിംഗ്, അമ്മ ദേവന്തി സിംഗ്, സഹോദരൻ പിയൂഷ് സിംഗ്, സഹോദരി ഭർത്താവ് മണി സിംഗ് എന്നിവർക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.



