ഇൻഡോർ: മധ്യപ്രദേശിലെ ഇൻഡോറിൽ എംബിഎ വിദ്യാർഥിനി കൊല്ലപ്പെട്ടത് ക്രൂരമായ ശാരീരിക ലൈംഗിക പീഡനങ്ങൾക്കുശേഷം. സഹപാഠിയുടെ വാടക വീട്ടിൽ അഴുകിയ നിലയിലാണ് യുവതിയുടെ മൃതദേഹമുണ്ടായിരുന്നത്. സംഭവത്തിൽ 24കാരിയുടെ സഹപാഠി പിയൂഷ് ധംനോദിയയെ പോലീസ് മുംബൈയിൽനിന്ന് പിടികൂടി
അടച്ചിട്ട മുറിയിൽനിന്ന് ദുർഗന്ധം വരുന്നതായി അയൽവാസി പരാതിപ്പെട്ടതോടെയാണ് പോലീസ് പിയൂഷിന്റെ വാടക ഫ്ലാറ്റിലെത്തിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഒളിവിൽപോയ സഹപാഠിയെ പോലീസ് പിടികൂടുന്നത്. കോളജ് വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ 24കാരിയുടെ അശ്ലീല വീഡിയോ പോസ്റ്റ് ചെയ്ത ശേഷമാണ് പിയൂഷ് ഒളിവിൽ പോയത്.
കഴിഞ്ഞ സെപ്റ്റംബർ മുതൽ ഇരുവരും പ്രണയത്തിലായിരുന്നുവെന്നും യുവതിയുടെ ഫോണിൽ ഡേറ്റിംഗ് ആപ്പ് കണ്ടതാണ് ക്രൂരതയ്ക്ക് പിന്നിലെന്നുമാണ് യുവാവ് മൊഴി നൽകിയത്. യുവതി മറ്റാരുമായോ പ്രണയത്തിലാണെന്ന സംശയവും വിവാഹത്തേക്കുറിച്ചുള്ള സംസാരത്തിനിടെയുണ്ടായ വാക്കേറ്റവുമാണ് കൊലപാതകത്തിൽ കലാശിച്ചത്.
ഫ്ലാറ്റിൽ വച്ച് പിയൂഷ് ലൈംഗിക ബന്ധത്തിലേർപ്പെടാൻ യുവതിയെ നിർബന്ധിച്ചു. വിസമ്മതിച്ച യുവതിയെ ഇയാൾ ക്രൂരമായി പീഡിപ്പിച്ചു. ഈ ദൃശ്യങ്ങൾ യുവാവിന്റെ മുഖം മറച്ച് വാട്ട്സ്ആപ്പ് ഗ്രൂപ്പിലേക്ക് പിയൂഷ് അയച്ചു. ഇതിനു ശേഷം പിയൂഷ് യുവതിയുടെ കാലുകൾ കെട്ടുകയും കണ്ണ് മൂടിക്കെട്ടുകയും യുവതി എതിര്‍ത്തപ്പോള്‍ വായില്‍ തുണി തിരുകി നെഞ്ചിൽ കയറി ഇരിക്കുകയുമായിരുന്നു. ശ്വാസംമുട്ടി പെണ്‍കുട്ടി മരിക്കുന്നതുവരെ ഇങ്ങനെ ഇരുന്നു. മരിച്ചുവെന്ന് ഉറപ്പായപ്പോള്‍ കത്തി കൊണ്ട് നെഞ്ചില്‍ കുത്തിയെന്നും പിയൂഷ് പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്.
കൊലയ്ക്കു ശേഷം മൃതദേഹത്തിനടുത്തിരുന്ന് മദ്യപിച്ച ശേഷം മൃതദേഹത്തേയും ലൈംഗികമായി ഉപയോഗിച്ചു. തുടർന്ന് ഒളിവിൽപോയ യുവാവ് മുംബൈയിൽ പല ഹോട്ടലുകളിൽ താമസിച്ചുവരികയായിരുന്നു. കുറ്റബോധം തോന്നി ഇയാൾ യുവതിയുടെ ആത്മാവുമായി സംസാരിക്കാൻ ദുർമന്ത്രവാദത്തിൽ ഏർപ്പെട്ടതായും പോലീസ് കണ്ടെത്തിയിട്ടുണ്ട്.
ഫെബ്രുവരി 10നാണ് യുവതിയെ കാണാതായത്. സുഹൃത്തിന്റെ പിറന്നാൾ ആഘോഷം കഴിഞ്ഞ് മടങ്ങിയെത്താമെന്ന് പറഞ്ഞ് വീട്ടിൽനിന്ന് ഇറങ്ങിയതാണ് 24കാരിയായ യുവതി. പിന്നീട് നാല് ദിവസത്തിന് ശേഷം അഴുകിയ നിലയിലുള്ള മൃതദേഹം അച്ഛൻ തിരിച്ചറിഞ്ഞത് യുവതി ധരിച്ചിരുന്ന സോക്സ് കണ്ടതോടെയാണ്.



