ഡൽഹിയിൽ ഓടിക്കൊണ്ടിരുന്ന സ്ലീപ്പർ ബസ്സിനുള്ളിൽ യുവതി കൂട്ടബലാത്സംഗത്തിന് ഇരയായതായി പരാതി. സംഭവവുമായി ബന്ധപ്പെട്ട് ബസ് ഡ്രൈവറെയും കണ്ടക്ടറെയും പോലീസ് അറസ്റ്റ് ചെയ്തു. മെയ് 12-നാണ് സംഭവം നടന്നതെന്ന് പോലീസ് വൃത്തങ്ങൾ വ്യാഴാഴ്ച അറിയിച്ചു.
യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായും കൃത്യം നടന്ന ബസ് പോലീസ് പിടിച്ചെടുത്തതായും അധികൃതർ വ്യക്തമാക്കി. വിവാഹിതയും മൂന്ന് കുട്ടികളുടെ അമ്മയുമാണ് പരാതിക്കാരി. യുവതിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷം നടത്തിയ വൈദ്യപരിശോധനയിൽ പീഡനം നടന്നതായി സ്ഥിരീകരിച്ചതിനെത്തുടർന്നാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്. നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ഉടൻ തന്നെ പ്രതികളെ പോലീസ് പിടികൂടി.
സ്ലീപ്പർ ബസ്സിൽ യാത്ര ചെയ്യുമ്പോഴാണ് ക്രൂരമായ ആക്രമണം നടന്നതെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. എന്നാൽ ബസ് സഞ്ചരിച്ചിരുന്ന റൂട്ടിനെക്കുറിച്ചോ കൃത്യം നടന്ന സാഹചര്യത്തെക്കുറിച്ചോ ഉള്ള കൂടുതൽ വിവരങ്ങൾ പോലീസ് ഇതുവരെ പുറത്തുവിട്ടിട്ടില്ല.
നിലവിൽ കസ്റ്റഡിയിലുള്ള പ്രതികളെ പോലീസ് ചോദ്യം ചെയ്തു വരികയാണ്. ബസ്സിൽ നിന്ന് ശേഖരിച്ച തെളിവുകളും ഫോറൻസിക്, മെഡിക്കൽ റിപ്പോർട്ടുകളും അന്വേഷണത്തിൽ നിർണ്ണായകമാകും. സംഭവം നടക്കുമ്പോൾ ബസ് സർവീസ് നടത്തുകയായിരുന്നോ എന്നും മറ്റ് യാത്രക്കാർ ആരെങ്കിലും ബസ്സിൽ ഉണ്ടായിരുന്നോ എന്നും പോലീസ് പരിശോധിച്ച് വരികയാണ്. ഇരയായ യുവതിയുടെയോ പ്രതികളുടെയോ വിവരങ്ങൾ ഡൽഹി പോലീസ് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. കേസിൽ വിശദമായ അന്വേഷണം തുടരുകയാണ്.



