ബംഗളൂരു: യുവതിയെ വാടകമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകം. കേസിൽ യുവതിയുടെ ഭർത്താവിനെയും സുഹൃത്തിനെയും പോലീസ് അറസ്റ്റ് ചെയ്തു. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ ഡോക്ടർമാർ സംശയം പ്രകടിപ്പിച്ചതോടെയാണ് അന്വേഷണം വ്യാപിപ്പിച്ചത്.
തുടക്കത്തിൽ അസ്വാഭാവിക മരണത്തിനു പോലീസ് കേസെടുത്തെങ്കിലും ജനുവരി 11ന് വിക്ടോറിയ ആശുപത്രിയിൽ നടന്ന പോസ്റ്റ്മോർട്ടം റിപ്പോർട്ട് കേസിൽ നിർണായകമായി. മരണത്തിൽ ഡോക്ടർമാർ സംശയം പ്രകടിപ്പിച്ചതോടെ അന്വേഷണം വിപുലീകരിച്ചു. തുടർന്ന് ജനുവരി 14ന് വിരൂപാക്ഷയെയും സുഹൃത്തിനെയും പോലീസ് കസ്റ്റഡിയിലെടുത്തു.
ചോദ്യം ചെയ്യലിൽ ഇവർ കുറ്റം സമ്മതിച്ചു. വിരൂപാക്ഷ ആശയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം കെട്ടിത്തൂക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. കൊലപാതകത്തിന്റെ കൃത്യമായ കാരണം, സുഹൃത്തിന്റെ പങ്ക് എന്നിവയെക്കുറിച്ച് കൂടുതൽ അന്വേഷണം നടന്നുവരികയാണെന്നും പോലീസ് അറിയിച്ചു.
ജനുവരി 10നാണ് ആശ എന്ന യുവതിയെ ആർ.ആർ നഗറിലെ മുറിയിൽ ഫാനിൽ സാരിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ആറു വർഷം മുൻപാണ് ആശയും കുനിഗൽ താലൂക്ക് സ്വദേശിയായ വിരൂപാക്ഷയും പ്രണയിച്ച് വിവാഹം കഴിച്ചത്. കഴിഞ്ഞ ഒന്നര വർഷമായി ഇവർ ബംഗളൂരുവിലെ രാജരാജേശ്വരി നഗറിലായിരുന്നു താമസം.
ജോലിക്ക് പോകാതെ ആശയുടെ വരുമാനത്തിലാണ് ഇയാൾ കഴിഞ്ഞിരുന്നത്. വിരൂപാക്ഷയുടെ അവിഹിത ബന്ധങ്ങളെച്ചൊല്ലി ദമ്പതികൾക്കിടയിൽ തർക്കങ്ങൾ പതിവായിരുന്നു. കഴിഞ്ഞ ഒന്നര മാസമായി ഇവർ പിരിഞ്ഞു താമസിക്കുകയായിരുന്നു. വിവാഹമോചനക്കേസ് കോടതിയുടെ പരിഗണനയിലുമാണ്.



