മുംബൈ: മഹാരാഷ്ട്രയിലെ കല്യാണിൽ അഞ്ച് കോടി രൂപയിലധികം വിലമതിക്കുന്ന ലഹരിമരുന്നുമായി 35 വയസുകാരിയെ അറസ്റ്റ് ചെയ്തു. കല്യാൺ താലൂക്ക് പോലീസിന്റെ സഹായത്തോടെയാണ് നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ യുവതിയെ പിടികൂടിയത്.
പ്രതിയിൽ നിന്ന് രണ്ട് കിലോയിലധികം എംഡിഎംഎ കണ്ടെടുത്തതായി പോലീസ് പറഞ്ഞു. യുവതി താമസിക്കുന്ന ഫ്ലാറ്റിൽ നടത്തിയ റെയ്ഡിലാണ് 5000 ഗുളികകളുടെ വൻ ശേഖരം പിടികൂടിയത്.
ഏപ്രിൽ 15 ന് മറ്റൊരു ലഹരി കേസിൽ പിടിയിലായ പ്രതിയെ ചോദ്യം ചെയ്തപ്പോഴാണ് ഈ യുവതിയെക്കുറിച്ചുള്ള വിവരം ഉദ്യോഗസ്ഥർക്ക് ലഭിച്ചത്. ലഹരിമരുന്ന് വിതരണത്തിൽ യുവതിക്ക് വലിയ പങ്കുണ്ടെന്ന സൂചനയെത്തുടർന്നാണ് പ്രതിയുടെ ഒളിത്താവളം കണ്ടെത്തിയത്. സംഭവത്തെക്കുറിച്ച് കൂടുതൽ അന്വേഷണം നടന്നുവരികയാണെന്ന് പോലീസ് പറഞ്ഞു.



