ബംഗുളൂരു: ഭർത്താവിനെ ശ്വാസംമുട്ടിച്ച് കൊന്ന ശേഷം ഹൃദയാഘതം മൂലം മരിച്ചെന്ന് വിശ്വസിപ്പിച്ച യുവതിയും കാമുകനും പിടിയിലായി. തുംകൂരു സ്വദേശി കെ. പരമേശി (50) നെയാണ് ഭാര്യ പി. ആശ (46), ആശയുടെ കാമുകൻ ചന്ദ്രപ്പ (48) എന്നിവർ ചേർന്ന് കൊലപ്പെടുത്തിയത്.
പോലീസ് പറയുന്നതനുസരിച്ച് ആശയും ചന്ദ്രപ്പയും തമ്മിൽ പ്രണയത്തിലായിരുന്നു. ഇരുവരുടെയും ബന്ധം പരമേശ് അറിഞ്ഞതോടെയാണ് ഇദ്ദേഹത്തെ കൊല്ലാൻ തീരുമാനിച്ചത്.
സ്ഥിരമായി മദ്യപിക്കാറുള്ള പരമേശ് ജനുവരി 29ന് രാത്രി മദ്യപിച്ച ശേഷം ഉറങ്ങൻ പോയി. ഈ സമയത്താണ് ആശയും ചന്ദ്രപ്പയും ചേർന്ന് ഇയാളെ ശ്വാസംമുട്ടിച്ച് കൊന്നത്. പിറ്റേന്ന് രാവിലെ പരമേശ് ഹൃദയാഘാതം മൂലം മരിച്ചുവെന്ന് ആശ ബന്ധുക്കളെ വിശ്വസിപ്പിക്കുകയും തുടർന്ന് മൃതദേഹം സംസ്കരിക്കുകയും ചെയ്തു.
മരണത്തിന് പിന്നാലെ ആശയുടെ പെരുമാറ്റത്തിലുണ്ടായ മാറ്റങ്ങളും ചന്ദ്രപ്പയുമായുള്ള അടുപ്പവും പരമേശിന്റെ സഹോദരി കെ. നാഗമ്മയ്ക്ക് സംശയമുണ്ടാക്കി. നാഗമ്മയുടെ ചോദ്യങ്ങൾക്ക് ആശ പരസ്പരവിരുദ്ധമായ മറുപടികൾ നൽകിയതോടെ മാർച്ച് നാലിന് പോലീസിൽ പരാതി നൽകി.
തുടർന്ന് സംസ്കരിച്ച മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം നടത്തുകയും പരമേശിന്റെ മരണം ശ്വാസംമുട്ടിയാണെന്ന് തെളിയുകയും ചെയ്തു. പിന്നീട് പോലീസ് നടത്തിയ ചോദ്യം ചെയ്യലിൽ പ്രതികൾ കുറ്റം സമ്മതിച്ചു. ഇരുവരെയും ഉടൻ തന്നെ അറസ്റ്റ് ചെയ്തു.



