ഒളിമ്പിക് അത്‌ലറ്റുകൾ ആദരവ്, ടീം സ്പിരിറ്റ്, ത്യാഗം എന്നിവ വളർത്തിയെടുക്കണമെന്ന് ലെയോ പാപ്പ അഭ്യർഥിച്ചു. മിലാനിലും കോർട്ടിനയിലും നടക്കുന്ന 25-ാമത് ശൈത്യകാല ഒളിമ്പിക് ഗെയിംസിൽ മത്സരിക്കുന്ന അത്‌ലറ്റുകൾക്ക് അയച്ച സന്ദേശത്തിലാണ് ലെയോ പതിനാലാമൻ പാപ്പ ഇപ്രകാരം അഭ്യർഥിച്ചത്.

2026 ലെ മിലാനോ കോർട്ടിന ഗെയിംസിനായി തയ്യാറെടുക്കുന്നതിനിടെ, ഒളിമ്പിക് അത്‌ലറ്റുകൾ, സന്നദ്ധപ്രവർത്തകർ, കായിക അസോസിയേഷനുകൾ എന്നിവർ വെള്ളിയാഴ്ച വടക്കൻ ഇറ്റാലിയൻ നഗരമായ കോമോയിൽ നടന്ന ദിവ്യബലിയിൽ പങ്കെടുത്തു. അടുത്തയാഴ്ച ആരംഭിക്കുന്ന ശീതകാല ഒളിമ്പിക് ഗെയിംസ് ഫെബ്രുവരി ആറ് മുതൽ 22 വരെ ലോംബാർഡിയിലും വടക്കുകിഴക്കൻ ഇറ്റലിയിലുടനീളമുള്ള സ്ഥലങ്ങളിലാണ് നടക്കുന്നത്.

ലെയോ പതിനാലാമൻ മാർപാപ്പ, കർദിനാൾ സ്റ്റേറ്റ് സെക്രട്ടറി പിയട്രോ പരോളിൻ എന്നിവർ ഒപ്പിട്ട ഒരു ടെലിഗ്രാം കോമോ ബിഷപ്പ് കർദിനാൾ ഓസ്‌കാർ കന്റോണിക്ക് അയച്ചു. അത് ജനുവരി 29 വെള്ളിയാഴ്ച കുർബാനയിൽ വായിച്ചു. ബോർമിയോ വികാരിയേറ്റിലെ ജനങ്ങൾക്കും മിലാനോ കോർട്ടിന ഒളിമ്പിക്‌സിന്റെ ഒരുക്കങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന എല്ലാവർക്കും പാപ്പ തന്റെ ഹൃദ്യമായ ആശംസകൾ അയച്ചു.

ലോകമെമ്പാടുമുള്ള പ്രൊഫഷണൽ, അമച്വർ അത്‌ലറ്റുകൾ നാലുവർഷത്തിലൊരിക്കൽ നിരവധി കായികയിനങ്ങളിൽ മത്സരിക്കുന്നതിനായി ഒത്തുകൂടുന്ന പുരാതന കായികപരിപാടിയോടുള്ള ആദരവ് പാപ്പ തന്റെ സന്ദേശത്തിൽ പ്രകടിപ്പിച്ചു.