ഫെബ്രുവരിയിൽ ഇറ്റലിയിൽ ആരംഭിക്കുന്ന മിലാൻ–കോർട്ടിന വിന്റർ ഒളിമ്പിക്സ് ലോകരാജ്യങ്ങൾക്കിടയിൽ സൗഹൃദവും സമാധാനവും വളർത്താൻ സഹായിക്കട്ടെയെന്ന് ലെയോ പതിനാലാമൻ മാർപാപ്പ. ഒളിമ്പിക്സിന്റെ ഭാഗമായി മിലാനിലെ സാൻ ബാബില പള്ളിയിൽ ‘അത്ലറ്റ്സ് ക്രോസ്’ സ്ഥാപിക്കുന്ന ചടങ്ങിലേക്ക് അയച്ച ടെലിഗ്രാം സന്ദേശത്തിലാണ് പാപ്പ ഇപ്രകാരം ആഹ്വാനം ചെയ്തത്.
മിലാൻ ആർച്ച്ബിഷപ്പ് മാരിയോ ഡെൽപിനിക്കാണ് വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദിനാൾ പിയട്രോ പരോളിൻ വഴി പാപ്പ സന്ദേശം കൈമാറിയത്. കായികം എന്നത് വെറുമൊരു മത്സരമല്ലെന്നും അത് മനുഷ്യർക്കിടയിൽ സാഹോദര്യത്തിന്റെ പാലങ്ങൾ പണിയാനുള്ള ഉപാധിയാണെന്നും സന്ദേശത്തിൽ പറയുന്നു. ഫെബ്രുവരി ആറ് മുതൽ 22 വരെയാണ് വിന്റർ ഒളിമ്പിക്സ് നടക്കുന്നത്. ഈ കാലയളവിൽ സാൻ ബാബില പള്ളി കായികതാരങ്ങൾക്കായുള്ള പ്രത്യേക ആരാധനാകേന്ദ്രമായി പ്രവർത്തിക്കും.



