കോൽക്കത്ത: പശ്ചിമ ബംഗാളിലെ ഹൗറയിൽ ഭാര്യയെയും മകനെയും വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഗൃഹനാഥാൻ ജീവനൊടുക്കി. പ്രദീപ് മുഖർജി (42) യാണ് ഭാര്യ അപർണ (46) യെയും മൂത്ത മകൻ പ്രണബി (18) നെയും കൊലപ്പെടുത്തിയത്. ഇളയമകൻ ആബിറി (14) നെ ഗുരുതരമായി പരിക്കേൽപ്പിച്ച ശേഷം ഇയാൾ വിഷം കഴിച്ച് ജീവനൊടുക്കി.
ചെന്നൈയിലെ മാർബിൾ കന്പനിയിൽ ജോലി ചെയ്തിരുന്ന പ്രദീപിന് ഒരു വർഷം മുന്പ് ജോലി നഷ്ടപ്പെട്ടിരുന്നു. ഇതിനുശേഷം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരുന്ന ഇയാൾ കോൽക്കത്തയിൽ ദിവസവേതനത്തിന് ജോലി ചെയ്തു വരികയായിരുന്നു. ഇതേ തുടർന്ന് കുടുംബത്തിൽ തർക്കങ്ങൾ പതിവായിരുന്നു.
വ്യാഴാഴ്ച രാത്രി വീട്ടിലുണ്ടായ വലിയ തർക്കങ്ങൾക്ക് പിന്നാലെ പ്രദീപ് ഭക്ഷണം കഴിക്കാതെ വീട്ടിൽ നിന്നിറങ്ങിപ്പോയി. വെള്ളിയാഴ്ച പുലർചെ മദ്യപിച്ചെത്തിയ ഇയാൾ ഭാര്യയെയും മക്കളെയും കത്തി ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു.
സംഭവത്തിൽ കേസെടുത്ത പോലീസ് പ്രദീപിന്റെ അമ്മയെ ചോദ്യം ചെയ്തു വരികയാണ്. മരിച്ചവരുടെ മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി അയച്ചു. കൂടുതൽ അന്വേഷണം നടന്നുവരികയാണ്.



