കേന്ദ്ര സായുധ പോലീസ് സേനകളുടെ (സിഎപിഎഫ്) ഭരണനിർവ്വഹണത്തിനായി സർക്കാർ കൊണ്ടുവന്ന പുതിയ ബില്ലിനെതിരെ രാജ്യസഭയിൽ പ്രതിപക്ഷത്തിൻ്റെ കടുത്ത പ്രതിഷേധം. തൃണമൂൽ കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികൾ നടപടിക്രമങ്ങളിൽ വീഴ്ച ആരോപിച്ച് രംഗത്തെത്തിയതോടെ ബിൽ അവതരിപ്പിക്കുന്നത് തടസ്സപ്പെട്ടു. പ്രതിഷേധത്തെത്തുടർന്ന് തൃണമൂൽ എംപിമാർ സഭയിൽ നിന്ന് ഇറങ്ങിപ്പോയി. അതേസമയം ബില്ലിന്മേൽ എട്ട് മണിക്കൂർ ചർച്ച നടത്താൻ ബിസിനസ് അഡ്വൈസറി കമ്മിറ്റി സമയം അനുവദിച്ചിട്ടുണ്ട്.

സിആർപിഎഫ്, ബിഎസ്എഫ്, ഐടിബിപി, എസ്എസ്ബി, സിഐഎസ്എഫ് എന്നീ അഞ്ച് കേന്ദ്ര സേനകളെ ഏകീകൃത ഭരണസംവിധാനത്തിന് കീഴിൽ കൊണ്ടുവരിക എന്നതാണ് സിഎപിഎഫ് ബില്ലിൻ്റെ പ്രധാന ലക്ഷ്യം. മുതിർന്ന തസ്തികകളിൽ ഐപിഎസ് ഉദ്യോഗസ്ഥരുടെ നിയമനം ഔദ്യോഗികമാക്കുന്നതിനും റിക്രൂട്ട്‌മെന്റ്, പ്രൊമോഷൻ നടപടികൾ ഏകീകരിക്കുന്നതിനുമാണ് ഈ നിയമനിർമ്മാണം.

എന്നാൽ ബില്ലിന്റെ പകർപ്പ് 48 മണിക്കൂർ മുൻപ് അംഗങ്ങൾക്ക് നൽകിയില്ലെന്ന് തൃണമൂൽ കോൺഗ്രസ് എംപി ഡെറക് ഒബ്രിയാൻ ആരോപിച്ചു. പാർലമെന്ററി നടപടിക്രമങ്ങൾ പാലിക്കാതെ ബിൽ അവതരിപ്പിക്കാൻ അനുവദിക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. കോൺഗ്രസ്, ആം ആദ്മി പാർട്ടി, സിപിഐ(എം) എന്നീ പാർട്ടികളും ബില്ലിനെ എതിർത്തു.